| Thursday, 3rd September 2020, 6:25 pm

പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍ കുന്നത്തും ആലി മുസ്‌ലിയാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും.  ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞ്ഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ മൊയ്ദീന്‍ ഹാജിയുടെയും  ആമിനക്കുട്ടിയുടെയും മകനായാണ് ജനിച്ചത്, തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

”പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലിമുസ്‌ലിയാരുടെയും ബന്ധുവും സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി.
ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പിതാവും മക്കയിലേക്കു നാടുകടത്തപ്പെട്ടു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ മടങ്ങി എത്തി. പക്ഷേ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചില്ല.
തുടര്‍ന്ന്, ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറി.

ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദഹം പല തവണ പോരാട്ട സമരങ്ങള്‍ക്ക് നേതൃത്യം നല്‍കി.ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെ കുറച്ചുകാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ഏറനാടന്‍ പ്രദേശങ്ങളിലെ ഭരണാധികാരിയായി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്വയം പ്രഖ്യാപിച്ചു.


1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാര്‍ അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി….’ (Dictionary of Martyrs Volume 5 Page 248). തുടങ്ങിയ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആലി മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലബാര്‍ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയന്‍കുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിരുന്നു.

ആഷിഖ് അബു ചിത്രം അനൗണ്‍സ് ചെയ്തുകൊണ്ട് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വലിയ സൈബര്‍ ആക്രമണം സംഘപരിവാറില്‍ നിന്ന് നേരിട്ടിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.

മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ പേരും അടങ്ങിയിരിക്കുന്നത് എ്ന്നത് ശ്രദ്ധേയമായിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pm narendra modi released publication says variankunnath as freedom fighter

We use cookies to give you the best possible experience. Learn more