വിനേഷ്, ഈ തിരിച്ചടി വേദനിപ്പിക്കുന്നു; വെല്ലുവിളികളെ നിങ്ങള്‍ തലയുയര്‍ത്തി നേരിടുമെന്നറിയാം: നരേന്ദ്ര മോദി
national news
വിനേഷ്, ഈ തിരിച്ചടി വേദനിപ്പിക്കുന്നു; വെല്ലുവിളികളെ നിങ്ങള്‍ തലയുയര്‍ത്തി നേരിടുമെന്നറിയാം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2024, 1:21 pm

ന്യൂദല്‍ഹി: പാരിസ് ഒളിമ്പിക്സ് ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗുസ്തി മത്സരത്തില്‍ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വിനേഷ് ഫോഗട്ട് ഒരു യഥാര്‍ത്ഥ ചാമ്പ്യനാണെന്നും ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നുമാണ് മോദി എക്‌സില്‍ കുറിച്ചത്.

‘വിനേഷ്, നിങ്ങള്‍ ഒരു യഥാര്‍ത്ഥചാമ്പ്യനാണ്! ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. നിങ്ങള്‍ക്ക് ഇന്നുണ്ടായ തിരിച്ചടി എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നിരാശ എത്രയെന്ന് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവില്ല.

അതേസമയം, നിങ്ങള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയര്‍ത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്, ‘ മോദി പറഞ്ഞു.

വിഷയത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി.ടി ഉഷയുമായി പ്രധാനമന്ത്രി സംസാരിക്കുകയും വിനേഷിന്റെ കാര്യത്തില്‍ ഇനിയുള്ള സാധ്യതകളെ കുറിച്ച് ആരാഞ്ഞതായും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇനി മുന്നോട്ട് എന്തെല്ലാം ഓപ്ഷനുകള്‍ ഉണ്ടെന്ന കാര്യം ആലോചിക്കുകയാണ്. വിനേഷിനെ അയോഗ്യനാക്കിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒളിമ്പിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ ഇനത്തില്‍ അയോഗ്യയാക്കിയത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ അനുവദനീയമായ ഭാരം കൂടിയതായി കണ്ടെത്തിയതാണ് ഫോഗട്ടിന് തിരിച്ചടിയായത്.

ഈ തീരുമാനത്തില്‍ പുനഃപരിശോധന നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ നടപടിക്കെതിരെ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഇനത്തില്‍ അവസാന സ്ഥാനമായിരിക്കും ഫോഗട്ടിന് നല്‍കുക.

കഴിഞ്ഞ ദിവസമാണ് 50 കിലോഗ്രാം ഫ്രിസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് വിജയിച്ചത്. ഉക്രൈനിന്റെ ഒക്‌സാന ലിവാച്ചിനെ 7-5 എന്ന സ്‌കോറിനായിരുന്നു വിനേഷ് പരാജയപ്പെടുത്തിയിരുന്നത്, റൗണ്ട് ഓഫ് 16ല്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ യുയി സുസാസ്‌കിയെ വിനേഷ് പരാജയപ്പെടുത്തിയിരുന്നു.

നാല് തവണ ലോക ചാമ്പ്യനും നിലവിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും ആയിരുന്നു സുസാക്കി. പിന്നീട് ഉക്രൈന്‍ താരത്തെയും ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും വീഴ്ത്തിയാണ് വിനേഷ് ഫൈനലിലേക്ക് മുന്നേറിയത്.

ഇന്ന് രാത്രി നടക്കാനിരുന്ന ഫൈനലില്‍ യു.എസ്.എയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടായിരുന്നു വിനേഷ് ഏറ്റുമുട്ടാനിരുന്നത്. എന്നാല്‍ കലാശപ്പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തിന് മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.

PM Narendra Modi reacts to Vinesh Phogat’s disqualification: ‘Setback hurts’