ന്യൂദല്‍ഹി: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ വെയ്‌ബോ അക്കൗണ്ട് ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിന് സമാനമായ ചൈനീസ് നിര്‍മ്മിത സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമാണ് വെയ്‌ബോ.
ബുധനാഴ്ച മുതല്‍ മോദിയുടെ ഫോട്ടോകളും പോസ്റ്റുകളും വെയ്‌ബോയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ടും ഉപേക്ഷിച്ചത്. 115 പോസ്റ്റുകളാണ് മോദി വെയ്‌ബോയില്‍ ഇട്ടിരുന്നത്.
2015ലെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു മോദി വെയ്‌ബോ ആപ്പില്‍ അക്കൗണ്ട് തുടങ്ങിയത്. 2.4 ലക്ഷം ഫോളോവേഴ്‌സാണ് മോദിക്ക് വെയ്‌ബോയിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും ചൈനക്കാരായിരുന്നു.
2015 ജൂണ്‍ മുതല്‍ ഇതുവരെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങിന് മോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നതും വെയ്‌ബോയിലൂടെയായിരുന്നു. ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യാ-ചൈന ബന്ധത്തെക്കുറിച്ചും മോദി വെയ്‌ബോയില്‍ പോസ്റ്റ് ചെയ്തിരുന്നു.