ഒരു രാജ്യം ഒരു യൂണിഫോം; രാജ്യത്തെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് ചിന്തന്‍ ശിവിറില്‍ മോദി
national news
ഒരു രാജ്യം ഒരു യൂണിഫോം; രാജ്യത്തെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് ചിന്തന്‍ ശിവിറില്‍ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2022, 1:36 pm

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫരീദാബാദില്‍ വെച്ച് നടക്കുന്ന, രാജ്യത്തെ ആഭ്യന്തര മന്ത്രിമാരുടെയും ഡി.ജി.പിമാരുടെയും യോഗമായ ചിന്തന്‍ ശിവിറിന്റെ രണ്ടാം ദിനത്തില്‍ യോഗത്തെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഒരു രാജ്യം ഒരു യൂണിഫോം എന്നത് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് മോദി ഇതിലൂടെ വഴിവെച്ചത്. പൊലീസ് സേനകള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത തരത്തിലുള്ള യൂണിഫോമുകളാണ് ഉള്ളതെന്നും അതുകൊണ്ട് എല്ലാ യൂണിഫോമുകളും ഒരേ രീതിയിലാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നുമാണ് മോദി പറഞ്ഞത്.

”പൊലീസുകാരുടെ കാര്യത്തില്‍ ഒരു രാജ്യം ഒരു യൂണിഫോം നടപ്പാക്കണം. സംസ്ഥാനങ്ങള്‍ അതിനെക്കുറിച്ച് ആലോചിക്കണം. ഇതൊരു ആശയം മാത്രമാണ്. എന്റെ കാഴ്ചപ്പാടുകള്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.

ഇതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഇത് സംഭവിച്ചേക്കാം, അത് അഞ്ച്, 50 അല്ലെങ്കില്‍ 100 വര്‍ഷത്തിനുള്ളില്‍ സംഭവിക്കാം. ചിന്തിക്കൂ,

ഒരു പോസ്റ്റ് ബോക്‌സിന് ഒരു പ്രത്യേക ഐഡന്റിറ്റി ഉള്ളതുപോലെ, പൊലീസ് യൂണിഫോമുകള്‍ രാജ്യത്തുടനീളം ഒരേപോലെ തിരിച്ചറിയപ്പെടണം. രാജ്യത്തുടനീളം പൊലീസിന്റെ ഐഡന്റിറ്റി ഒരുപോലെ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് എല്ലാ തരത്തിലുമുള്ള നക്‌സലിസവും അവസാനിപ്പിക്കണമെന്നും തോക്ക് കൊണ്ട് മാത്രമല്ല പേന കൊണ്ടും ചില മാവോയിസം നടപ്പിലാക്കുന്നുണ്ടെന്നും മോദി യോഗത്തില്‍ പറഞ്ഞിരുന്നു. മാവോയിസം പേനകളിലൂടെയും നടപ്പിലാക്കപ്പെടുന്നുണ്ട്. ആയുധമെടുത്ത് പോരാടുകയല്ല, പകരം എഴുത്തിലൂടെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

”നക്‌സലിസത്തിന്റെ എല്ലാ രൂപങ്ങളെയും പരാജയപ്പെടുത്തണം. നക്‌സലുകള്‍ക്ക് തോക്ക് മാത്രമല്ല പേനയും പിടിക്കാം. അവര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണ്,” മോദി പറഞ്ഞു.

യുവാക്കളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ (നക്‌സലിസം) തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ ജാഗ്രതയോടെ നീങ്ങണമെന്ന് പൊലീസ് സേനയോട് ആവശ്യപ്പെട്ട മോദി, ഭീകരതക്കെതിരായ പോരാട്ടത്തില്‍, യു.എ.പി.എ പോലുള്ള നിയമങ്ങള്‍ അന്വേഷണ- നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് പ്രചോദനം നല്‍കിയതായും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്തന്‍ ശിവിറിന്റെ രണ്ടാം ദിവസത്തില്‍ പങ്കെടുക്കുന്നില്ല. ആദ്യ ദിവസം മുഖ്യമന്ത്രി യോഗത്തിനെത്തിയിരുന്നു.

എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരൊന്നും ചിന്തന്‍ ശിവിറില്‍ പങ്കെടുത്തിട്ടില്ല. ഇവര്‍ പകരം മറ്റ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് അയക്കുകയായിരുന്നു.

പ്രതിപക്ഷ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും മാത്രമായിരുന്നു യോഗത്തിനെത്തിയത്.

Content Highlight: PM Narendra Modi pitches for ‘One Nation, One Uniform’ for police at Chintan Shivir