ജീവനോടെ തിരികെയെത്തിയല്ലോ; മുഖ്യമന്ത്രിയ്ക്ക് നന്ദി ; രോഷം മറച്ചുവെക്കാതെ മോദി
India
ജീവനോടെ തിരികെയെത്തിയല്ലോ; മുഖ്യമന്ത്രിയ്ക്ക് നന്ദി ; രോഷം മറച്ചുവെക്കാതെ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 4:14 pm

ന്യൂദല്‍ഹി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകവേ കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു മോദി പറഞ്ഞത്. സംഭവത്തില്‍ മോദി ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഭട്ടിന്‍ഡയില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു.

പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകള്‍ കിസാന്‍ മസ്ദൂര്‍ സംഗ്രാഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങള്‍ തടഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ജനുവരി 15 ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം