ന്യുദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് താന്‍ നോമിനേറ്റ് ചെയ്‌തെന്ന് ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് തമിഴിസൈ സൌന്ദര്‍രാജന്‍. ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ലോകത്തിലെ തന്നെ വലിയ പദ്ധതിയാണെന്നും ഈ പദ്ധതി ചൂണ്ടിക്കാട്ടിയാണ് താന്‍ മോദിയെ നൊബേല്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്തതെന്നും തമിഴിസൈ വ്യക്തമാക്കി.
തന്റെ ഭര്‍ത്താവും സ്വകാര്യ സര്‍വകലാശാലയിലെ നെഫ്രോളജി വിഭാഗം തലവനുമായ ഡോ.പി.സൗന്ദര്‍രാജനും ഈ പുരസ്‌ക്കാരത്തിന് വേണ്ടി മോദിയെ നാമനിര്‍ദ്ദേശം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താകുറിപ്പിലൂടെയാണ് ബി.ജെ.പി തമിഴ്‌നാട് ഘടകം ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളുടെ ക്ഷേമത്തില്‍ തത്പരനായ പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതി കഷ്ടത അനുഭവിക്കുന്ന നിരവധി പാവങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. അതിനാലാണ് അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബൈല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നത്.
2019ലെ നൊബേല്‍ പുരസ്‌ക്കാരത്തിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി അടുത്ത ജനുവരി 31നാണ് അവസാനിക്കുന്നത്. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പുറമെ സാധാരണക്കാര്‍ക്കും നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. മറ്റുള്ളവരും മോദിയുടെ പേര് പുരസ്‌ക്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.