ലക്‌നൗ: വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റഫേല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ തനിക്ക് യാതൊരു ഭയവുമില്ലെന്നു തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് അവരെന്നും മോദി പറഞ്ഞു. അനില്‍ അംബാനി തലവനായ റിലയന്‍സ് ഡിഫന്‍സ് കമ്പനി റഫാല്‍ ഇടപാടിന്റെ പേരില്‍ വിവാദ നിഴലില്‍ നില്‍ക്കവെയാണ് മോദിയുടെ പ്രതികരണം.
“രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നവരില്‍ പ്രധാനികളാണ് വ്യവസായികള്‍. മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതിനെ പേടിക്കുന്ന ഒരാളല്ല ഞാന്‍. രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് വ്യവസായികള്‍. എന്തിനാണു നാം അവരെ നിന്ദിക്കുന്നത്? എന്തിനാണവരെ കള്ളന്മാരെന്നു വിളിക്കുന്നത്?”- മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 60,000 കോടിയുടെ 81 പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിമാനം പോലും നിര്‍മിച്ചു പരിചയമില്ലാത്ത വ്യവസായിയെ റഫേല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കിയെന്നും 35,000 കോടി രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കി എന്നുമായിരുന്നു രാഹുലിന്റെ ആരോപണം.
“ഇന്ത്യ വാങ്ങുന്ന 36 റഫേല്‍ വിമാനങ്ങള്‍ പരിപാലിക്കുന്നതിന്റെ ഭാഗമായി മിസ്റ്റര്‍ 56ന്റെ സുഹൃത്തിന്റെ കമ്പനി ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി രൂപയാണ്. അടുത്ത 50 വര്‍ഷം ഈ തുക ഇന്ത്യന്‍ പൗരന്‍മാര്‍ നികുതിയായി നല്‍കേണ്ടി വരും. പതിവുപോലെ ഇക്കാര്യവും വാര്‍ത്താ സമ്മേളനം നടത്തി പ്രതിരോധ മന്ത്രി നിഷേധിക്കും. പക്ഷേ, ഇതോടൊപ്പമുള്ള രേഖ സത്യം വെളിപ്പെടുത്തുന്നു”. രാഹുല്‍ ആരോപിക്കുന്നു. വിമാനങ്ങളുടെ ആജീവനാന്ത പരിപാലനത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നതായുള്ള കമ്പനി രേഖയും രാഹുല്‍ പുറത്ത് വിട്ടിരുന്നു.