ന്യൂദൽഹി: പാർലമെൻ്ററി നിയമങ്ങളും പെരുമാറ്റവും പാലിക്കാൻ എൻ.ഡി.എയിലെ എം.പിമാരോട് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി. എം.പിമാർ തങ്ങളുടെ മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ വിവരമുള്ളവരായിരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. മാധ്യമങ്ങളോട് അഭിപ്രായം പറയുന്നതിന് മുമ്പ് പ്രസ്തുത കാര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കണമെന്നും അദ്ദേഹം എം.പിമാരോട് പറഞ്ഞു.
രാഹുൽ ഗാന്ധി ബി.ജെ.പി ക്കെതിരെ ഉന്നയിച്ച പരാമർശത്തെ തുടർന്നുണ്ടായ സഭയിലെ ബഹളത്തിന് പിന്നാലെയാണ് മോദിയുടെ ഉപദേശം. ബിജെപിയുടെ ഉന്നത നേതാക്കളും മന്ത്രിമാരും പങ്കെടുത്ത എൻ.ഡി.എ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മോദി എം.പിമാരെ ഉപദേശിച്ചത്.
ഏത് പാർട്ടിയായാലും പാർലമെന്റിലെ അംഗം രാജ്യത്തെ മുഴുവൻ ആളുകളെയും സേവിക്കുമെന്നും, രാജ്യത്തുണ്ടായിരുന്ന ഓരോ പ്രധാനമന്ത്രിയെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ എൻ.ഡി.എ എം.പിയും രാജ്യത്തിന് മുൻഗണന നൽകി പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന്, യോഗത്തിനു ശേഷം പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെയ്തതുപോലെ സ്പീക്കറോട് മുഖം തിരിച്ച് ചട്ടം ലംഘിച്ച് സംസാരിച്ച പോലെ ആരും പെരുമാറരുതെന്നും കിരൺ റിജിജു പറഞ്ഞു.
ഭരണകക്ഷി നേതാക്കൾ ഭരണഘടനയെ ആക്രമിക്കുകയാണെന്നും അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു, ഇതിനെതിരെ ബി.ജെ.പി എം.പിമാർ രംഗത്തുവരികയും സഭയിൽ ബഹളമരങ്ങേറുകയുമായിരുന്നു.