| Friday, 20th May 2022, 12:44 pm

എല്ലാഭാഷയേയും ഒരുപോലെയാണ് കാണുന്നത്; അനാവശ്യ വിവാദം വേണ്ട; അമിത് ഷായെ തിരുത്തി നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തിരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എല്ലാ ഭാഷകളേയും ഒരുപോലെയാണ് കാണുന്നത്. വിവാ​ദത്തിന്റെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. ബി.ജെ.പിയാാണ് പ്രാദേശിക ഭാഷകളെ രാജ്യത്തിന്റെ ആത്മീയതയുമായി ബന്ധപ്പെടുത്തിയതെന്ന് മോദി പറഞ്ഞു.

“പ്രാദേശിക ഭാഷകൾക്ക് വിദ്യാഭ്യാസ നയത്തിലും ബി.ജെ.പി മുൻ​ഗണന നൽകിയിട്ടുണ്ട്. പ്രാദേശിക ഭാഷകൾ ഭാ​രതീയതയുടെ ആത്മാവാണ്,” മോദി പറഞ്ഞു. ഇത് ഇപ്പോൾ പറയാൻ കാരണം ഭാഷയുടെ പേരിൽ അടുത്ത കാലത്ത് വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ അത് അനാവശ്യമാണ്. അതുകൊണ്ടാണ് വിഷയം കൂടുതൽ വ്യക്തമാക്കുന്നത്. ഭാരതീയ സംസ്കാരത്തിന്റെ പ്രതിഫലനമാണ് ബി.ജെ.പി ഓരോ ഭാഷയിലും കാണുന്നത്. ഓരോ ഭാഷയും ആദരിക്കപ്പെടേണ്ടതാണ്” മോദി പറഞ്ഞു.

ഇന്ത്യയുടെ ഭാഷയാണ് ഹിന്ദി എന്ന അമിത് ഷായുടെ പ്രസ്താവനയെ എതിർത്തുകൊണ്ടാണ് മോദിയുടെ പരാമർശം. ഉന്നതതല യോ​ഗത്തിൽ അമിത് ഷായെ തിരുത്തി മോദി രം​ഗത്തെത്തിയതോടെ പാർട്ടിക്കുള്ളിൽ തന്നെ ഹിന്ദി വിവാദം നിലനിൽക്കുന്നതായാണ് സൂചനകൾ.

കോൺ​ഗ്രസിന്റെ ചിന്തൻ ശിബിറിനെതിരെയും മോദി വിമർശിച്ചു. കോൺ​ഗ്രസിൽ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു. ബി.ജെ.പിക്ക് മടിപിടിച്ചിരിക്കാനുള്ള സമയമല്ല നിലവിലുള്ളത്.

തോൽപ്പിക്കാൻ കഴിയാത്ത പാർട്ടിയായി മാറാൻ പ്രവർത്തകർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവന.

ഇംഗ്ലീഷിന് ബദലായി ഹിന്ദി മാറണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭരണ കാര്യങ്ങള്‍ക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്നും ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്നുമായിരുന്നു അമിത് ഷായുടെ അഭിപ്രായം.

ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണെന്നും ഓരോ ഭാഷക്കും ​അതി​േൻറതായ പ്രാധാന്യമുണ്ടെന്നും പറഞ്ഞ ഷാ, ആഗോളതലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒരു പൊതുഭാഷയുണ്ടാകേണ്ടത്​ അനിവാര്യമാണെന്ന്​ വ്യക്തമാക്കി. അതിന്​ കെൽപുള്ള ഭാഷ ഹിന്ദിയാണെന്നും, രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ‘ഒരു രാജ്യം; ഒരു ഭാഷ’ വിവാദം കനത്തതോടെ പ്രാദേശിക ഭാഷകൾക്കു​ മേൽ ഹിന്ദി അടിച്ചേൽപിക്കണമെന്ന്​ താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്​ അമിത്​ ഷാ വ്യക്തമാക്കിയിരുന്നു. മാതൃഭാഷക്ക്​ പിന്നാലെ രണ്ടാം ഭാഷയായി ഹിന്ദി പഠിക്കണമെന്നാണ്​ അഭ്യർഥിച്ചത്​. ഞാൻ വരുന്നത്​ ഹിന്ദി സംസാരിക്കുന്ന സംസ്​ഥാനത്തുനിന്നല്ല, ഗുജറാത്തിൽ നിന്നാണെന്നും ഹിന്ദി ദിനപത്രം ‘ഹിന്ദുസ്​ഥാൻ’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പ്രതികരിച്ചിരുന്നു.

Content Highlight: PM Narendra Modi corrects Amit shah over Hindi controversy

We use cookies to give you the best possible experience. Learn more