ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.ഡി.പിയുടെ 10 ശതമാനം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അനുവദിക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം.
കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നോബല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിച്ചത് വലിയ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു. അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങള്‍ നിലവില്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അമേരിക്ക ജി.ഡി.പിയുടെ 10 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ എല്ലാ ആളുകളിലേക്കും പണം എത്തുന്ന തരത്തിലുള്ള വലിയ പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു അഭിജിത്ത് ബാനര്‍ജി ആവശ്യപ്പെട്ടിരുന്നത്.
അഭിജിത്ത് ബാനര്‍ജിയുടെ ഈ ആവശ്യം രാജ്യത്ത് വലിയ അളവില്‍ ചര്‍ച്ചയായിരുന്നു. ഇന്ന് മോദി പ്രഖ്യാപിച്ചതും ജി,ഡി.പിയുടെ 10 ശതമാനം തുകയുടെ പാക്കേജ് ആണ്.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നികുതിധായകര്‍ക്കും ചെറുകിട പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പാക്കേജ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്കേജിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും.
രാജ്യം നാല് മാസമായി കൊവിഡുമായി യുദ്ധത്തിലാണ്. ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു. നമ്മള്‍ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഒരു സാഹചര്യം രാജ്യം മുമ്പ് നേരിട്ടിട്ടില്ല. നിരവധി ജീവനുകള്‍ നഷ്ടമായി. എന്നാല്‍ നാം കീഴങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. ഇതിനെ, കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്.
ഇന്ത്യ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ലോകത്തിന് യോഗ ഉള്‍പ്പെടെ ഇന്ത്യ നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. ഇപ്പോള്‍ ഇന്ത്യ നല്‍കിയ മരുന്നുകള്‍ ലോകത്തിന് രക്ഷയാകുന്നു. ലോകം നമ്മുടെ കഴിവിനെ അംഗീകരിക്കുന്നു. സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങള്‍ പ്രതിഞ്ജയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.