വാക്‌സിന്‍ സംസ്ഥാനങ്ങള്‍ തന്നെ വാങ്ങണം, രോഗികള്‍ക്ക് ഓക്‌സിജന്‍ വീടുകളില്‍ എത്തിക്കണമെന്നും പ്രധാനമന്ത്രി: കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍
Covid 19 India
വാക്‌സിന്‍ സംസ്ഥാനങ്ങള്‍ തന്നെ വാങ്ങണം, രോഗികള്‍ക്ക് ഓക്‌സിജന്‍ വീടുകളില്‍ എത്തിക്കണമെന്നും പ്രധാനമന്ത്രി: കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 5:28 pm

ന്യൂദല്‍ഹി: പ്രതിഷേധം ശക്തമായെങ്കിലും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ഓക്‌സിജന് ഇറക്കുമതി തീരുവ ഒഴിവാക്കുന്നതായി കേന്ദ്രം അറിയിച്ചു. ഇന്ന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി പുതിയ തീരുമാനത്തെ കുറിച്ച് അറിയിച്ചു.

മൂന്ന് മാസത്തേക്കാണ് ഓക്‌സിജന് ഇറക്കുമതി തീരുവയില്‍ ഇളവ് കൊടുത്തിരിക്കുന്നത്. ഓക്‌സിജനും ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്കും കസ്റ്റംസ് ക്ലിയറന്‍സ് അതിവേഗം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹെല്‍ത്ത് സെസും ഒഴിവാക്കും. രോഗികള്‍ക്ക് വീടുകളില്‍ ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് തന്നെയാണ് കേന്ദ്ര നിലപാട്. സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കണം. കോവിന്‍ ആപ്പിനെ കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്തണം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ലും ഓക്‌സിജന്‍ കിട്ടാതെ 20 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു. ദല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 25 പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.

ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2600 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ പത്ത് ലക്ഷത്തിനടുത്ത് (9.94 ലക്ഷം) കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കൊവിഡ് കേസില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 79,719 കേസുകളും യു.എസില്‍ 62,642 ഉം തുര്‍ക്കിയില്‍ 54,791 ഉം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യാന്തരതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം 8.9 ലക്ഷം കേസുകളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത ഭീഷണിയാണ് രാജ്യത്ത് കൊവിഡ് ഉയര്‍ത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: PM Narendra Modi and BJP Central Govt about Covid Vaccine and Oxygen crisis