|

പാര്‍ലമെന്റ് സ്തംഭനം: പ്രധാനമന്ത്രി നാളെ നിരാഹാരമിരിക്കും; പ്രതിഷേധ ഉപവാസം പകല്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പകല്‍ നീളുന്ന നിരാഹാരത്തിനൊരുങ്ങുന്നു. നാളെയാണ് പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്റെയും നേതൃത്വത്തില്‍ ഭരണ പക്ഷത്തിന്റെ ഉപവാസം.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് ജോലി മുടക്കാതെ അദ്ദേഹം ഉപവസിക്കുക. ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനും പരാതിയുമായെത്തുന്ന ജനങ്ങളെയും ഉദ്യോഗസ്ഥരെയും കാണുന്നതിനും മുടക്കമുണ്ടാകില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


Also Read: ‘മാതാപിതാക്കള്‍ വൃത്തിഹീനമായ ജോലി ചെയ്യുന്നവരാണോ ?’; സ്‌കൂളില്‍ അഡ്മിഷനെടുക്കാനെത്തുന്ന കുട്ടികളോട് ഹരിയാന വിദ്യാഭ്യാസ വകുപ്പ്


അമിത് ഷാ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവസിക്കും. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബി.ജെ.പി.യുടെ എല്ലാ എം.പി.മാരും നേതാക്കളും പങ്കെടുക്കും. എംപിമാര്‍ അവരവരുടെ മണ്ഡലത്തിലാകും നിരാഹാരമിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്നു പ്രധാനമന്ത്രി ദളിത് എം.പി.മാരുമായി കൂടിക്കാഴ്ച നടത്തും. സാമുഹികപരിഷ്‌കര്‍ത്താവായ ജ്യോതിബാ ഫുലെയുടെ ജന്മവാര്‍ഷികച്ചടങ്ങിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പട്ടികജാതി-വര്‍ഗ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കത്തില്‍ ദളിത് എം.പി.മാര്‍ പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നതു ശ്രദ്ധേയമാണ്.

നേരത്തെ രാജ്യത്ത് സാമുദായിക സൗഹാര്‍ദം കാക്കുകയെന്ന ആഹ്വാനവുമായി ഏപ്രില്‍ ഒമ്പതിനു കോണ്‍ഗ്രസും നിരാഹാരമനുഷ്ഠിച്ചിരുന്നു