തുടര്‍ന്നും കൂടെ നില്‍ക്കണമെന്ന് മാതൃഭൂമിയോട് പ്രധാനമന്ത്രിയുടെ ട്വീറ്റ്; റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ന്യൂസ് 18 ചാനലുകളോടും അഭ്യര്‍ത്ഥന
national news
തുടര്‍ന്നും കൂടെ നില്‍ക്കണമെന്ന് മാതൃഭൂമിയോട് പ്രധാനമന്ത്രിയുടെ ട്വീറ്റ്; റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ന്യൂസ് 18 ചാനലുകളോടും അഭ്യര്‍ത്ഥന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2019, 3:02 pm

 

ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ചില വ്യക്തികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദേശം. മാതൃഭൂമി ഇംഗ്ലീഷ്, റിപ്പബ്ലിക് ടി.വി, ഇന്ത്യാ ടുഡേ, ആജ് തക്, സീ ന്യൂസ്, എ.ബി.പി ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് മോദി സന്ദേശം അയച്ചത്.

” ജനങ്ങളുടെ ആവശ്യങ്ങള്‍ ലോകത്തിനു മുമ്പിലെത്തിക്കാന്‍ നിങ്ങള്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്. വോട്ടര്‍മാരെ ബോധവത്കരിക്കുകയെന്നത് ജനാധിപത്യം ദൃഢപ്പെടുത്താന്‍ പ്രധാനമാണ്. വലിയ തോതില്‍ വോട്ടു ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.” എന്നാണ് മാതൃഭൂമിയേയും ദിനതന്തി, ഈനാട് എന്നീ മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് മോദി കുറിച്ചത്.

ഇതിനു പുറമേ റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് ഗോസ്വാമി, ഇന്ത്യാ ടുഡേയിലെ രാഹുല്‍ കന്‍വാല്‍, ആജ് തക്കിലെ അഞ്ജന ഓം കശ്യപ്, സീന്യൂസിലെ സുധീര്‍ ചൗധരി, എ.ബി.പി ന്യൂസിലെ റുബിക ലിയാഖത് എന്നീ മാധ്യമപ്രവര്‍ത്തകരോടും മോദി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇന്ത്യ ടുഡേയിലെ അരൂണ്‍ പൂരി, ന്യൂസ് 18 ഗ്രൂപ്പിലെ രാഹുല്‍ ജോഷി, ദൈനിക് ജാഗരണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സഞ്ജയ് ഗുപ്ത, ടൈംസ് ഗ്രൂപ്പിലെ വിനീത് ജെയ്ന്‍, സീ മീഡിയയിലെ സുഭാഷ് ചന്ദ്ര, ഇന്ത്യാ ടി.വിയിലെ രജത് ശര്‍മ്മ തുടങ്ങിയവരെ ടാഗ് ചെയ്തും മോദി ഇത്തരമൊരു സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ നിന്നും മാതൃഭൂമിയോട് മാത്രമാണ് മോദി ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടവരാണ് മോദി ടാഗ് ചെയ്ത മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും.