പ്രത്യേകിച്ച് ഒരു അജന്‍ഡയുമില്ലാതെ ചൈനയില്‍ പോയി ചായ കുടിച്ചു മടങ്ങിയിരിക്കുകയാണ് മോദി; ജനവിരോധിയായ പ്രധാനമന്ത്രി ഇന്ത്യയെ നശിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി
national news
പ്രത്യേകിച്ച് ഒരു അജന്‍ഡയുമില്ലാതെ ചൈനയില്‍ പോയി ചായ കുടിച്ചു മടങ്ങിയിരിക്കുകയാണ് മോദി; ജനവിരോധിയായ പ്രധാനമന്ത്രി ഇന്ത്യയെ നശിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 2:46 pm

ന്യൂദല്‍ഹി: പ്രത്യേകിച്ച് ഒരു അജന്‍ഡയുമില്ലാതെ ചൈനയില്‍ പോയി ചൈനീസ് പ്രസിഡന്റിനൊപ്പം ചായ കുടിച്ചു മടങ്ങിയെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദോക്‌ലാം വിഷയത്തെക്കുറിച്ച് അവിടെച്ചെന്ന് ഒരു വാക്കുപോലും പ്രധാനമന്ത്രി മിണ്ടിയില്ല. ചൈനയാകട്ടെ ദോക്‌ലാമില്‍ ഹെലിപാഡുകളും വിമാനത്താവളവും നിര്‍മിക്കുകയാണ്.

എന്നിട്ടും, യാതൊരു അജന്‍ഡയും കൂടാതെ ചൈനയില്‍ സന്ദര്‍ശനത്തിനു പോയിരിക്കുകയാണ് മോദി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, നമ്മുടെ രാജ്യത്തു സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വിദേശമണ്ണില്‍ പോയി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ദല്‍ഹി രാംലീല മൈതാനത്തു നടക്കുന്ന ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവിരോധികളായ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുകയാണ്. ആര്‍.എസ്.എസ്- ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുമ്പോള്‍ മോദി നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഉനാവോയില്‍ ബി.ജെ.പി നേതാവ് തന്നെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജമ്മു കശ്മീരിലെ കഠ്‌വയിലും ബി.ജെ.പിയുടെ ആളുകള്‍ ഒരു കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. എന്നിട്ടും ഇതേക്കുറിച്ചു പ്രധാനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


Dont Miss രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന അറിവുള്ളവരെല്ലാം ബ്രാഹ്മണരാണ്; മോദിയും അംബേദ്കറും ബ്രാഹ്മണവിഭാഗത്തില്‍ പെടുന്നവരാണ്: ഗുജറാത്ത് സ്പീക്കര്‍


70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്നായിരുന്നു മോദിയുടെ കണ്ടെത്തല്‍. തനിക്ക് 60 മാസത്തെ സമയം തന്നാല്‍ ഇന്ത്യയെ എന്നെന്നേക്കുമായി മാറ്റാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടോ? എന്താണ് സംഭവിച്ചത് ഒന്നും സംഭവിച്ചില്ല.

കോണ്‍ഗ്രസിനെ കൂടാതെ രാജ്യത്തു കര്‍ഷകര്‍ക്കു ജീവിക്കാനാകില്ല. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ രാജ്യത്തെ എല്ലാ ഭൂമിയും പ്രധാനമന്ത്രി മോദി തട്ടിയെടുത്തേനെ.

ഞാന്‍ വ്യക്തിപരമായി പ്രധാനമന്ത്രിയെ കണ്ടു കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടതാണ്. പ്രത്യേകിച്ചും മധ്യപ്രദേശ്, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങളില്‍. എന്നാല്‍ പ്രധാനമന്ത്രി മറുപടി പോലും പറഞ്ഞില്ല. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ വായ്പകളെല്ലാം എഴുതിത്തള്ളി. അതാണു വേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് സ്‌നേഹത്തില്‍ വിശ്വസിക്കുന്നവരാണ്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കുള്‍പ്പെടെ എല്ലാ ഇന്ത്യക്കാര്‍ക്കും കോണ്‍ഗ്രസ് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതാണു കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ എല്ലായിടത്തും ആര്‍.എസ.എസ് ബന്ധമുള്ളവരെ പ്രതിഷ്ഠിക്കുകയും അതുവഴി എല്ലാ സ്ഥാപനങ്ങളും തകര്‍ക്കുകയുമാണ് ബി.ജെ.പി.

ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഇത്രയേറെ തൊഴിലില്ലായ്മ പ്രശ്‌നം രൂക്ഷമായത്. ചൈന ഓരോ 24 മണിക്കൂറിലും 50,000 പേര്‍ക്കു തൊഴില്‍ നല്‍കുമ്പോള്‍ നാം ജോലി നല്‍കുന്നത് വെറും 450 പേര്‍ക്കാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

എവിടെച്ചെന്നാലും ജനങ്ങളോടു നിങ്ങള്‍ സന്തോഷവാന്‍മാരാണോ എന്നു ഞാന്‍ ചോദിക്കാറുണ്ട്. എല്ലായിടത്തുനിന്നും അല്ല എന്ന ഉത്തരമാണ് കിട്ടുന്നത്. എന്നാല്‍ എല്ലായിടത്തും ഓടിനടന്നു വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മോദി ഒട്ടും പിറകിലല്ലെന്നും രാഹുല്‍ പറഞ്ഞു.