ന്യൂദല്‍ഹി: ഇലക്ഷന്‍ ഗുരു എന്ന വിളിപ്പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി രാഷ്ട്രീയ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോര്‍ ഇനി സജീവ രാഷ്ട്രീയത്തില്‍. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിലൂടെയാണ് പ്രശാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
കിഷോറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ജെ.ഡി.യുവില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബീഹാറില്‍ പുതിയ യാത്ര ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് രാവിലെ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2014 ലില്‍ മോദിയെയും 2015 ലില്‍ ബിഹാറില്‍ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി(പിഎസി) ആന്ധ്രയില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്ന ജോലി വിടുകയാണെന്നും ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പൊതു ആരോഗ്യരംഗത്ത് യു.എന്നിനായി പ്രവര്‍ത്തിച്ചായിരുന്നു കിഷോറിന്റെ തുടക്കം. പിന്നീടാണ് 2014ല തെരഞ്ഞെടുപ്പില്‍ മോദിക്കായി പ്രചരണം നടത്തുന്നത്.
മുമ്പ് ബി.ജെ.പി നേതൃത്വവും പ്രശാന്തും പലതവണ 2019 തെരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ നടത്തി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ പ്രശാന്ത് ഈ വാര്‍ത്തകള്‍ നിഷേധിച്ചു.
ബി.ജെ.പി ഗവണ്‍മെന്റിലേക്കുള്ള നേതാക്കളുടെ പിന്‍വാതില്‍ പ്രവേശനമാണ് പ്രശാന്തിനെ ബി.ജെ.പി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍. ബിഹാറില്‍ 2015ല്‍ ജെ.ഡി.യുവിന് വമ്പന്‍ വിജയം നേടി കൊടുത്തതിന് പിന്നിലുള്ള തന്ത്രങ്ങളും പ്രശാന്തിന്റേതായിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രചരണം പ്രശാന്ത് ഏറ്റെടുത്തപ്പോള്‍ അവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി.