| Saturday, 3rd June 2023, 12:17 pm

രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം; പ്രധാനമന്ത്രി ബാലസോറിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണ് ഒഡിഷയില്‍ ഇന്നലെയുണ്ടായതെന്ന് റെയില്‍വേ മന്ത്രാലയം. അപകടവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് മണിയോടെ അടിയന്തര യോഗം വിളിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി ഇന്ന് ബാലസോറിലെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്നും ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. റെയില്‍വേയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 238 പേര്‍ മരിച്ചെന്നും, 600 പേര്‍ക്ക് പരിക്കേറ്റെന്നും വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, പരിക്കേറ്റവരുടെ എണ്ണം 900 കടന്നതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എന്‍.ഡി.ആര്‍.എഫ് മേധാവി അറിയിച്ചു. രക്ഷാദൗത്യം പൂര്‍ത്തിയായെന്നും ഉടനെ സര്‍വീസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു. ദില്ലി-ഹൗറ, ദില്ലി-കൊല്‍ക്കത്ത റൂട്ടിലാണ് സര്‍വീസ് മുടങ്ങിയിരിക്കുന്നത്.

അപകടത്തിന് കാരണം വ്യക്തികളാണോ അതോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നത് പരിശോധിച്ച് വരികയാമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശവാസികളുടെ ഇടപെടലുകളേയും റെയില്‍വേ മന്ത്രാലയം അഭിനന്ദിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഒപ്പം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതിനും മുന്‍ഗണന നല്‍കും.

രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിന് പിന്നാലെ വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ അറിയിച്ചു.

കേരളത്തില്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസും ദിബ്രുഗര്‍-കന്യാകുമാരി വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കുകയും 39 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Content Highlights: pm modi will visit balasore train accident site

We use cookies to give you the best possible experience. Learn more