വാഷിങ്ടണ്‍: ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസില്‍ ഒരു പത്രസമ്മേളനം നടത്താനൊരുങ്ങുന്നു. മോദി വ്യാഴാഴ്ച വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പം പത്രസമ്മേളനം നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രിയായതിന് ശേഷം മോദി അഞ്ച് തവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൂര്‍ണ നയതന്ത്ര പദവിയുമായി നിയമനിര്‍മാണ സഭ സന്ദര്‍ശിക്കുന്നത്. അതിനാല്‍ മോദിയും ബൈഡനും സംയുക്ത പത്രസമ്മേളനം നടത്തണമെന്ന വൈറ്റ് ഹൗസിന്റെ നിര്‍ദ്ദേശം ഇന്ത്യ മനസില്ലാ മനസോടെ അംഗീകരിക്കുകയായിരുന്നു എന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം മടിച്ചെങ്കിലും പിന്നീട് അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ സംയുക്ത പ്രസ്താവന നടത്താമെന്നായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മോദിയുടെ സന്ദര്‍ശനത്തിന് തലേദിവസം മാത്രമാണ് മാധ്യമങ്ങളുടെ രണ്ട് ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കാമെന്ന് ഇന്ത്യന്‍ അധികൃതര്‍ സമ്മതിച്ചത്.
യു.എസ് മാധ്യമ പ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ മറ്റൊരു ചോദ്യത്തിനും മോദി മറുപടി നല്‍കുമെന്ന് ഇന്ത്യ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രതിനിധികളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ പത്രസമ്മേളനം പ്രധാനമാണെന്നാണ് അമേരിക്ക കരുതുന്നതെന്നും അതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രിയും കരുതുന്നതില്‍ സന്തോഷമുണ്ടെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.
2014ല്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ഇന്ത്യയില്‍ ഒരു പത്രസമ്മേളനത്തില്‍ പോലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. 2019 മേയ് മാസം അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. രാജ്യത്തായാലും വിദേശ സന്ദര്‍ശനങ്ങളിലായാലും മുന്‍കൂട്ടി ഷൂട്ട് ചെയ്ത അഭിമുഖങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളത്.
മോദിയോട് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിലെ 75 സെനറ്റര്‍മാരും ജനപ്രതിനിധി സഭയിലെ അംഗങ്ങളും ആവശ്യപ്പെട്ടതിന്റെ സമ്മര്‍ദത്തിലാണ് യു.എസ് പ്രസിഡന്റ് ബൈഡനെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. നരേന്ദ്ര മോദിയുടെ വലതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം കണ്ണടച്ചതായി അംഗങ്ങള്‍ വിമര്‍ശിച്ചിരുന്നു.
യു.എസ് സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും 75ഓളം നിയമസഭാംഗങ്ങള്‍ ഒപ്പിട്ട കത്ത് ചൊവ്വാഴ്ച ബൈഡന് അയച്ചിരുന്നു. മത സ്വാതന്ത്ര്യത്തെയും പൗര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഇന്ത്യയുടെ കണക്കുകള്‍ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ടെന്ന് ഏതാനും ഡെമോക്രാറ്റിക് അംഗങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിനോട് നിര്‍ദേശിച്ചിരുന്നു.