ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് മുന്‍പ് ദളിതരുടെ കാല് കഴുകാന്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടവരുണ്ടോയെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ഹാത്രാസ് ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദി തുടരുന്ന മൗനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല് കഴുകുന്ന പ്രധാനമന്ത്രി ഇപ്പോള്‍ മൗനത്തിലാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഹാത്രാസ് ബലാത്സംഗക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി സര്‍ക്കാരും മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചന്ദ്ര ശേഖര്‍ ആസാദ് ഇന്ന് വൈകുന്നേരം ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന സമയത്ത് ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചന്ദ്രശേഖര്‍ ആസാദ് വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ മൗനം നമ്മുടെ മക്കള്‍ക്ക് ഭീഷണിയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മോദിയെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ച അതേ ഉത്തര്‍പ്രദേശിലെ ഹാത്രസിലാണ് ഒരു മകള്‍ക്കെതിരെ അതിക്രമം നടന്നത്. അവള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ചവറെന്നപോലെ അവളുടെ മൃതദേഹം ദഹിപ്പിച്ചു. ഇത്രയും വലിയ മനുഷ്യാവകാശ ലംഘനം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്കുപോലും പറയുന്നില്ലെന്ന് ആസാദ് കുറ്റപ്പെടുത്തി.
അവളുടെയോ ആ കുടുംബത്തിന്റെയോ നിലവിളി പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. അദ്ദേഹം എത്രനാള്‍ മൗനം പാലിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് ചോദിച്ചു.
ഹാത്രാസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിനെ നേരത്തെ ആസാദിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഹാറന്‍പൂരിലെ വീട്ടില്‍ തടങ്കലിലാക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദല്‍ഹിയില്‍ നിന്ന് ഇവരുടെ വീട്ടിലേക്ക് തിരിച്ചപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി കഴിഞ്ഞ ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ‘Will go to India Gate at 5 pm, PM Modi washes feet of Dalits before polls, silent now: Bhim Army chief