'യുവജനങ്ങൾ മൊബൈലിൽ സമയം ചെലവഴിച്ചും ജയ്ശ്രീറാം വിളിച്ചും അവസാനം വിശന്ന് മരിക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നത്'
national news
'യുവജനങ്ങൾ മൊബൈലിൽ സമയം ചെലവഴിച്ചും ജയ്ശ്രീറാം വിളിച്ചും അവസാനം വിശന്ന് മരിക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2024, 3:54 pm

ഉജ്ജയ്ൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് ജനങ്ങൾ മൊബൈൽ ഉപയോഗിച്ച് സമയം ചെലവഴിക്കണമെന്നും അവസാനം വിശപ്പ് മൂലം മരിക്കണമെന്നുമാണെന്ന് രാഹുൽ ഗാന്ധി.

മധ്യപ്രദേശിലെ ഉജ്ജയ്നിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് യുവജനങ്ങൾ ദിവസം മുഴുവൻ റീൽസ് കണ്ടുകൊണ്ടിരിക്കണമെന്നാണ്. യുവജനങ്ങൾ മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുകയും ജയ് ശ്രീറാം വിളിച്ചുകൊണ്ടിരിക്കുകയും അവസാനം പട്ടിണി കാരണം മരണപ്പെടണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

അതേസമയം ഞാൻ ആഗ്രഹിക്കുന്നത്, മൊബൈൽ ഫോണുകളിൽ ‘മെയ്‌ഡ് ഇൻ മധ്യപ്രദേശ്’ എന്ന ലേബൽ ഉണ്ടാകണമെന്നാണ്,’ കോൺഗ്രസ്‌ പാർട്ടി തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചന നൽകിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്ര ഒരു തെരഞ്ഞെടുപ്പ് റാലി അല്ലെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വിദ്വേഷം നിറഞ്ഞ ആശയത്തിനെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങളുടെ പോരാട്ടം വൈകിപ്പോയെന്ന് സമ്മതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

താൻ അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ എക്സ്-റേ നടത്തുമെന്നും അപ്പോൾ ഓരോരുത്തരുടെയും കൈവശം എത്ര പണമുണ്ടെന്നും സ്രോതസുകൾ എന്തൊക്കെയാണെന്നും എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ സമയം നഷ്ടപ്പെടുത്തുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആരോപിച്ചു. റാലികൾ സംഘടിപ്പിക്കുന്നതിനു പകരം രാഹുൽഗാന്ധി തന്റെ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മാർച്ച്‌ ആറിന് യാത്ര രത്‌ലാം വഴി രാജസ്ഥാനിൽ പ്രവേശിക്കുന്നതോടെ അഞ്ചുദിവസത്തെ മധ്യപ്രദേശ് പര്യടനം അവസാനിക്കും.

CONTENT HIGHLIGHT: ‘PM Modi Wants Youths To Scroll Mobile All Day, Chant Jai Shri Ram & Die Of Hunger,’ Rahul Gandhi Hits Out During Nyay Yatra