ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം നീക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ന്യൂദല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം നീക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
1947ല്‍ ഇന്ത്യ ദേശീയ പതാക ഔദ്യോഗികമായി സ്വീകരിച്ചെങ്കിലും ആര്‍.എസ്.എസ് അത് അംഗീകരിച്ചില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘1947ല്‍ ഇന്ത്യ ദേശീയ പതാക ഔദ്യോഗികമായി സ്വീകരിച്ചു. എന്നാല്‍ ആര്‍.എസ്.എസ് ദേശീയ പതാകയെ അംഗീകരിച്ചിരുന്നില്ല. അന്ന് സര്‍ദാര്‍ പട്ടേല്‍ അവർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
1948 ഫെബ്രുവരി നാലിന് ഗാന്ധിജിയുടെ കൊലപാതകത്തിന് പിന്നാലെ ആര്‍.എസ്.എസിനെ സര്‍ദാര്‍ പട്ടേല്‍ നിരോധിച്ചു. എന്നാല്‍ 58 വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് മോദി പിന്‍വലിച്ചു,’ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
ഭരണഘടനാപരമായതും സ്വയംഭരണാധികാരമുള്ളതുമായ എല്ലാ സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ ബി.ജെ.പി എങ്ങനെയാണ് ആര്‍.എസ്.എസിനെ ഉപയോഗിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഖാര്‍ഗെ പറഞ്ഞു. വിലക്ക് നീക്കുക വഴി സര്‍ക്കാര്‍ ഓഫീസുകളെയും ജീവനക്കാരെയും പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയവത്കരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ഇത് സര്‍ക്കാര്‍ ഓഫീസുകളിലെ പൊതുപ്രവര്‍ത്തകരുടെ നിഷ്പക്ഷതയ്ക്കും ഭരണഘടനയുടെ മേല്‍ക്കോയ്മയ്ക്കും വെല്ലുവിളിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടന മാറ്റാനുള്ള ബി.ജെ.പിയുടെ ഉദ്ദേശം ജനങ്ങള്‍ പരാജയപ്പെടുത്തിയത് കൊണ്ടാകാം സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷം തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ഉത്തരവിന്റെ പകർപ്പ് സഹിതം നേരത്തെ എക്സിൽ പോസ്റ്റ് ചെയ്തത്.
പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം ജൂലൈ 9നാണ് മെമ്മോറാണ്ടം പോസ്റ്റ് ചെയ്തത്. മെമ്മോറാണ്ടത്തിൽ 1966 നവംബർ 30, 1970 ജൂലൈ 25, 1980 ഒക്ടോബർ 28 മുതലുള്ള മുൻ ഉത്തരവുകൾ പരാമർശിക്കുന്നുണ്ട്. ഈ നിർദേശങ്ങൾ അവലോകനം ചെയ്തതായും ഈ ഉത്തരവുകളിൽ നിന്ന് ആർ.എസ്.എസ് എന്ന പരാമർശം നീക്കം ചെയ്യാൻ തീരുമാനിച്ചതായും മെമ്മോറാണ്ടത്തിൽ പറയുന്നു.
‘ഗാന്ധിജിയുടെ കൊലപാതകത്തെത്തുടർന്ന് 1948 ഫെബ്രുവരിയിൽ ആർ.എസ്.എസിനെ നിരോധിച്ചിരുന്നു. തുടർന്ന്, നല്ല പെരുമാറ്റത്തിൻ്റെ ഉറപ്പിന്മേൽ ആണ് നിരോധനം പിൻവലിച്ചത്. 1966ൽ സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ 58 വർഷമായി നില നിന്നിരുന്ന നിരോധനമാണ് മോദി സർക്കർ നീക്കിയത്,’ ജയറാം രമേശ് പറഞ്ഞു.
Content Highlight: PM Modi wants to politicise govt employees on ideological basis: Kharge