ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അച്ഛാ ദിന്നിനു വേണ്ടി കാത്തിരിക്കുമ്പോള്‍ ചൈന ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യന്‍ പൗരന്മാരെ ചൈന തട്ടിക്കൊണ്ടു പോകുന്നതില്‍ ഉടന്‍ തന്നെ പരിഹാരം കണ്ടെത്തണമെന്ന് ബി.ജെ.പി എം.പിയായ തപീര്‍ ഗാവോ ആവശ്യപ്പെടുന്നതിന്റെ വാര്‍ത്താ റിപ്പോര്‍ട്ട് ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുലിന്റെ വിമര്‍ശനം.
‘ചൈന ആദ്യം നമ്മുടെ ഭൂമി കയ്യേറി. ഇപ്പോള്‍ നമ്മുടെ ജനങ്ങളേയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു. മോദിജി നിശബ്ദമായി അച്ഛാ ദിന്നിനു വേണ്ടി കാത്തിരിക്കുകയാണ്,’ ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ അദ്ദേഹം പറയുന്നു.
അരുണാചലില്‍ നിന്നും മിറാന്‍ തരോണ്‍ എന്ന കൗമാരക്കാരനെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് തപീര്‍ ഗാവോ ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത്. പി.എല്‍.എ തന്നെ പീഡിപ്പിച്ചുവെന്നും കുട്ടി ആരോപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം റായ്പൂരില്‍ നടന്ന പരിപാടിയിലും ബി.ജെ.പിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചു. പല ആശയങ്ങളുടെ സംഗമമാണ് ഇന്ത്യയെന്നും എന്നാല്‍ ബി.ജെ.പിയും ആര്‍.എസും.എസും അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാന്‍ നോക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
‘നമ്മുടെ രാജ്യം പല ആശയങ്ങളുടെ ഒരു സംഗമമാണ്. ഓരോ സംസ്ഥാനങ്ങളുടെയും ആശയങ്ങളും, ചരിത്രവും, സംസ്‌കാരവും മറ്റൊന്നില്‍ നിന്നും വ്യത്യസ്തമാണ്. പക്ഷേ, രാജ്യത്താകെ ഒരേയൊരു പ്രത്യയശാസ്ത്രം മാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. അത് നാടിന് ആപത്താണ്,’ രാഹുല്‍ പറഞ്ഞു.
‘ബി.ജെ.പിയും ആര്‍.എസ്.എസും തങ്ങളുടെ പ്രത്യയശാസ്ത്രം മാത്രമേ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും ഭാഷകളേയും ചരിത്രത്തേയും ഭരിക്കാന്‍ പാടുള്ളു എന്ന് കരുതുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. സംസ്ഥാനങ്ങളേയും മതങ്ങളേയും തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി.
ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ നമ്മെ ദുര്‍ബലരായേ കാണൂ,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ ‘രണ്ട് ഇന്ത്യ’ പ്രസംഗത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് രാഹുല്‍ വീണ്ടും കേന്ദ്രത്തെ കടന്നാക്രമിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ നടത്തിയ പ്രസംഗം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലേക്ക് രാജഭരണം തിരിച്ചുകൊണ്ടുവരുകയാണെന്നും പണമുള്ളവനും ഇല്ലാത്തവനും എന്ന രീതിയില്‍ പൗരന്മാരെ രണ്ട് തരത്തിലാക്കി രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
ഭരണഘടന സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ഇന്ത്യ ആഭ്യന്തരമായും വൈദേശികമായും ഒറ്റപ്പെടല്‍ നേരിടുകയുമാണ്. ഗുരുതര അപകടങ്ങള്‍ക്കു മുന്നിലാണ് രാജ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ലോക്സഭയില്‍ തുടക്കമിട്ടു സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
Content Highlight: pm-modi-waiting-for-achhe-din-as-china-abducts-indian-citizens-rahul