ന്യൂദല്‍ഹി: ബി.ജെ.പി രണ്ടാമതും അധികാരത്തില്‍ എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചവട തന്ത്രം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭയില്‍. മോദി ഒരു വലിയ വ്യാപാരിയാണെന്നും കോണ്‍ഗ്രസിന് സ്വന്തം പ്രൊഡക്ട് മാര്‍ക്കിറ്റിംഗ് നടത്തുന്നതില്‍ പിഴവ് പറ്റിയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
രാജ്യം വരള്‍ച്ചയില്‍ അകപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്നും മോദി സര്‍ക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ട് അദിര്‍ രഞ്ജന്‍ ചൗദരി പറഞ്ഞു.
ബി.ജെ.പി എം.പി മാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെങ്കില്‍ കൂടി ജനങ്ങള്‍ ചിന്തിക്കുന്നത് മോദിയാണ് എല്ലാം ചെയ്യുന്നത് എന്നാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിചേര്‍ത്തു.
മോദിയെ പ്രശംസിച്ചാല്‍ മാത്രം മതിയെന്നാണ് അവര്‍ കരുതുന്നത്. അതിനെയും പാര്‍ട്ടി വില്‍പ്പന നടത്തുമെന്നും അദിര്‍ രഞ്ജന്‍ ചൗദരി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരാണ് നിരവധി ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ പ്രൊജക്ടുകള്‍ക്ക് തുടക്കമിട്ടതെന്നും പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച നിരവധി പദ്ധതികളുടെ പേര് ബി.ജെ.പി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്‌തെന്നും അദിത് വിമര്‍ശിച്ചു.
2 ജി സ്‌പെക്ട്രത്തില്‍ അഴിമതി നടന്നതായുള്ള ബി.ജെ.പി ആരോപണത്തെ പ്രതിരോധിച്ചുകൊണ്ട് അതില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജയിലില്‍ അടക്കുന്നില്ലെന്നും എന്തുകൊണ്ടാണ് അവര്‍ പാര്‍ലമെന്റില്‍ തുടരുന്നതെന്നും അദിര്‍ രഞ്ജന്‍ ചൗദരി ചോദിച്ചു