| Thursday, 5th August 2021, 5:56 pm

ഹോക്കിയിലും മോദിയുടെ രാഷ്ട്രീയം; പ്രതിപക്ഷത്തിനെതിരെ ഒളിയമ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിംപിക്‌സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വെങ്കല നേട്ടത്തെ പ്രശംസിക്കുന്നതിനിടെ പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരുവശത്ത് രാജ്യവും യുവതലമുറയും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ചില ആളുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സെല്‍ഫ് ഗോളടിക്കുകയാണെന്നാണ് മോദിയുടെ വിമര്‍ശനം.

”ഒരു വശത്ത് നമ്മുടെ രാജ്യം, നമ്മുടെ യുവാക്കള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിക്കുന്നു, വിജയ ഗോളുകള്‍ നേടുന്നു. എന്നിട്ടും ചില ആളുകള്‍ ഉണ്ട്, രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ക്കായി സെല്‍ഫ് ഗോളാണ് അവരുടെ ലക്ഷ്യം,” മോദി പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തുന്ന പ്രതിഷേധമാണ് മോദിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷം ഭരണഘടനയെ അപമാനിക്കുകയാണെന്നായിരുന്നു നേരത്തെ മോദിയുടെ പരാമര്‍ശം.

അതേസമയം, പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ ഗുരുതരമായ ആരോപണമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

പെഗാസസ് ചാരസോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പ്രത്യേകാന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹരജികള്‍ വീണ്ടും ചൊവ്വാഴ്ച്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരും ഹാജരായിരിക്കണമെന്ന് കോടതി പറഞ്ഞു.

സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഞ്ച് ഹരജികള്‍ പരിഗണിക്കുകയായിരുന്ന കോടതി 2019ല്‍ സമാന ആരോപണം വന്നപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലാ എന്ന് ഹരജിക്കാരോടു ചോദിച്ചു. അന്ന് വാട്‌സ്ആപ്പ് കാലിഫോര്‍ണിയയിലെ കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ മാത്രമാണ് ഫോണ്‍ചോര്‍ത്തലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

സര്‍ക്കാരുകള്‍ക്ക് മാത്രം ലഭിക്കുന്നതാണ് പെഗാസസ് സോഫ്റ്റ് വെയര്‍. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രം വിശദീകരണം നല്‍കേണ്ടതുണ്ടെന്നും കേന്ദ്രത്തിനു നോട്ടീസ് നല്‍കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ഹരജികള്‍ വന്നതെന്നും കൂടുതല്‍ തെളിവുകള്‍ വേണമെന്നുമാണ് കോടതി പറഞ്ഞത്.

നേരത്തെ പെഗാസസ് വിഷയത്തില്‍ അന്വേഷണം വേണമെന്ന് എന്‍.ഡി.എയ്ക്കുള്ളില്‍ നിന്നുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ജെ.ഡി.യുവിനു പിന്നാലെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയാണ് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ടത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: PM Modi Uses Hockey Reference To Take Aim At Opposition

We use cookies to give you the best possible experience. Learn more