| Tuesday, 8th November 2022, 9:20 pm

ജി20 ലോഗോയില്‍ 'താമരയും, വസുധൈവ കുടുംബകവും'; ഏത് പ്രതികൂല സാഹചര്യത്തിലും താമര വിരിയുമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജി20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ പുതിയ വെബ്‌സൈറ്റും ലോഗോയും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദല്‍ഹിയില്‍ വെച്ച് വെബ്‌സൈറ്റും ലോഗോയും പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

www.g20.in എന്ന വെബ്‌സൈറ്റാണ് പ്രധാനമന്ത്രി ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയത്. വെബ്‌സൈറ്റിന്റെ ലോഗായില്‍ താമരയും, വസുധൈവ കുടുംബകവും ഉള്‍പ്പെട്ടിട്ടുണ്ട്.

‘ഒരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നതാണ് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

ലോകം കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതങ്ങളിലൂടെ കടന്ന് പോവുകയാണ്. ജി20യുടെ ഇപ്പോഴത്തെ ലോഗോ ലോകത്തിന് തന്നെ ഒരു പ്രതീക്ഷ നല്‍കും. ഏത് പ്രതികൂല സാഹചര്യത്തിലും താമര വിരിയുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

‘ജി 20 ലോഗോ വെറും ലോഗോ അല്ല നമ്മുടെ ഞരമ്പുകളിലെ വികാരത്തിന്റെ സന്ദേശമാണ് അത്. അത് ഒരു പ്രതിജ്ഞയാണ്. അതില്‍ നമ്മുടെ ചിന്തകളുണ്ട്. ലോഗോയിലെ ഏഴ് ഇതളുകള്‍ ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു, ഒപ്പം സംഗീതത്തിലെ ഏഴ് സ്വരങ്ങളെ സൂചിപ്പിക്കുന്നു. ജി20 ലോകത്തെ ഒന്നിച്ച് നിര്‍ത്തുന്നു. ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും പൗരാണികതയുടെയും, നമ്മുടെ വിശ്വാസത്തിന്റെയും ചിഹ്നമാണ് താമര.

‘കൊളോണിയലിസത്തിന്റെ കറുത്ത നാളുകളിലൂടെയാണ് രാജ്യം കടന്നുവന്നത്. അതിനാല്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ അനുഭവങ്ങളില്‍ നിന്നും ഇന്ത്യ കരുത്ത് നേടി. ഇന്ത്യ പുതിയ ഇന്ത്യയുടെ കഴിവുകളില്‍ ലോകം ആകര്‍ഷിക്കപ്പെടുകയാണ്. ലോകം നമ്മള്‍ മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ലോകത്തിന്റെ പ്രതീക്ഷകള്‍ കാക്കേണ്ടത് നമ്മുടെ കടമയാണ്. 130 കോടിയുടെ ശേഷിയുണ്ട് പുതിയ ഇന്ത്യയ്ക്ക്, എല്ലാം സംയോജിച്ച രാജ്യമാണിത്.

മൂന്നാംലോക രാജ്യം എന്ന അവസ്ഥയില്‍ നിന്ന് ഒന്നാം രാജ്യം എന്ന അവസ്ഥയിലേക്ക് നാം മാറാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഒരു സൂര്യന്‍, ഒരു ലോകം പോലുള്ള പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജ പദ്ധതികളിലൂടെ നാം ലോകത്തിന് മാതൃകയാകണം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കണം നമ്മുടെ മന്ത്രം. അതിലൂടെ ജി20 ലോകത്തിന്റെ ക്ഷേമത്തിന് വഴിപാകണം,’ മോദി പറഞ്ഞു.

അതേസമയം, ജി20 പ്രസിഡന്‍സി ഇന്ത്യയ്ക്ക് ലോകത്തിന്റെ മുന്നില്‍ പുത്തന്‍ വിഷയങ്ങള്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക. നിലവില്‍ ഇന്തോനേഷ്യയാണ് ഈ സ്ഥാനത്തുള്ളത്.

ആഗോള ജി.ഡി.പിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം എന്നിവ പ്രതിനിധാനം ചെയ്യുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി20. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സമ്മേളനങ്ങളുലൊന്നായിരിക്കും അടുത്ത വര്‍ഷം നടക്കുന്ന ജി20 ഉച്ചകോടി.

Content Highlight: PM Modi unveils logo, theme and website of India’s G20 presidency

We use cookies to give you the best possible experience. Learn more