| Saturday, 17th October 2020, 3:32 pm

നിതീഷ് മുഖ്യമന്ത്രിയായാല്‍ ഞാന്‍ പ്രതിപക്ഷത്തിരിക്കും; തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാന്‍ മോദിക്ക് മേല്‍ സമ്മര്‍ദ്ദമെന്നും ചിരാഗ് പസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് 12ഓളം റാലികള്‍ നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മര്‍ദ്ദമാണെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍.

”പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനൊപ്പം 12 റാലികള്‍ നടത്തുന്നുണ്ട്, മോദിയുടെ മേല്‍ നിതീഷ് കുമാര്‍ അത്രയേറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അതാണ് കാരണം. ഇനി അഥവാ ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ പിന്നെ ഞാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചുപോകില്ല. ഞാന്‍ പ്രതിപക്ഷത്ത് ഇരിക്കും’, ചിരാഗ് പറഞ്ഞു.

എന്നാല്‍, അങ്ങനെ സംഭവിക്കില്ലെന്നും എല്‍.ജെ.പി ബി.ജെ.പി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചിരാഗ് പറഞ്ഞു. 15 വര്‍ഷമായി ബീഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും ബി.ജെ.പി പിരിച്ചുവിടുമെന്നതില്‍ തനിക്ക് സംശമില്ലെന്നും ചിരാഗ് പറഞ്ഞു.

നവംബര്‍ 10 ന് ശേഷം ബീഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ചിരാഗ് പറഞ്ഞു.

ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് ബി.ജെ.പി ചിരാഗ് പാസ്വാന് താക്കീത് നല്‍കിയിരുന്നു.

പ്രധാനമന്ത്രി രാമനാണെന്നും രാമന്റെ ഹനുമാനാണ് താനെന്നുമുള്ള പാസ്വാന്റെ പാരമര്‍ശവും ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിരാഗ് പാസ്വാന്റെ നീക്കത്തില്‍ ഇതുവരെ പരസ്യമായി രംഗത്തെത്താതിരുന്ന ബി.ജെ.പി മൗനം വെടിഞ്ഞതും മോദിയുടെ ഫോട്ടോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍, ഇതിലും ബി.ജെ.പിയെ പിണക്കാതെയായിരുന്നു ചിരാഗ് പാസ്വാന്റെ മറുപടി.

” പ്രധാനമന്ത്രി മോദിയുടെ ഫോട്ടോകള്‍ എനിക്ക് ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ്. രാമനോടുള്ള ഹനുമാന്റെ ഭക്തി പോലെ, നിങ്ങള്‍ എന്റെ ഹൃദയം തുറന്നാല്‍ മോദിജിയെ മാത്രമേ കാണാനാകൂ,’ എന്നാണ് ചിരാഗ് പാസ്വാന്‍ പറഞ്ഞത്.

”അരക്ഷിത” മായതിനാല്‍ പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ കൂടുതല്‍ വേണ്ടത് നിതീഷ് കുമാറിനാണെന്നും പാസ്വാന്‍ പരിഹസിച്ചു.

‘പ്രധാനമന്ത്രിയെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എനിക്കാവില്ല. ബീഹാറില്‍ തനിച്ച് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അമിത് ഷായോട് പറഞ്ഞിരുന്നു’, എന്നാണ് ചിരാഗ് പറഞ്ഞത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ബി.ജെ.പിയ്‌ക്കെതിരെ എല്‍.ജെ.പി മത്സരിക്കുന്നുണ്ട്. നേരത്തെ ജെ.ഡി.യു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാനുള്ള പദ്ധതി ബി.ജെ.പി ഉന്നത നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് പാസ്വാന്‍ വെളിപ്പെടുത്തിയിരുന്നു.

ജെ.ഡി.യുവിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് എല്‍.ജെ.പി എന്‍.ഡി.എ മുന്നണി വിട്ട് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്ന ആരോപണം നിലനില്‍ക്കെയാണു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ എല്‍.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PM Modi under pressure from Nitish Kumar: Chirag Paswan continues to support BJP despite backlash

We use cookies to give you the best possible experience. Learn more