ന്യൂദല്‍ഹി: നേപ്പാളിലെ വെള്ളപൊക്ക ദുരിതത്തില്‍ സങ്കടമറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് ഇന്ത്യയില്‍ നടന്ന ദുരന്തങ്ങള്‍കൂടി ശ്രദ്ധിക്കണമെന്ന മറുപടിയുമായി സോഷ്യല്‍മീഡിയ. നേപ്പാളിലെ ജനങ്ങളുമായി ഇന്ത്യ തോളോടുതോള്‍ ചേര്‍ന്ന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തയാറാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഒരു ട്വീറ്റ്. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ഡ്യൂബയുമായി സംസാരിച്ചു. നേപ്പാളില്‍ വെള്ളപ്പൊക്കം മൂലം മരണമടഞ്ഞവര്‍ക്ക് അനുശോചനങ്ങള്‍. എന്ന മറ്റൊരു ട്വീറ്റും മോദിയുടെതായി ഉണ്ടായിരുന്നു.
എന്നാല്‍ നേപ്പാളിലെ ദുരിതത്തില്‍ അനുശോചനമറിയിക്കുന്നതൊക്കെ കൊള്ളാം സ്വന്തം രാജ്യത്തെ കൂടി ശ്രദ്ധിക്കണമെന്നാണ് സോഷ്യല്‍മീഡിയയിലെ പരിഹാസം. തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ദുരിതങ്ങള്‍ അക്കമിട്ടു നിരത്തുന്നുമുണ്ട്.
ഗോരഖ്പൂറില്‍ കുഞ്ഞുങ്ങള്‍ മരണമടഞ്ഞപ്പോഴും ബീഹാറിലും ഗുജറാത്തിലും വെള്ളപൊക്കം മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും ഇടപെടാത്ത പ്രധാനമന്ത്രി എന്തു കൊണ്ടാണ് വിദേശങ്ങളില്‍ ദുരിതമുണ്ടാകുമ്പോള്‍ മാത്രം ട്വീറ്റ് ചെയ്യുന്നു എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ബീഹാറില്‍, അസം, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ വെള്ളപൊക്കം മൂലം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 230 ലധികം ആളുകള്‍ പന്നിപ്പനി മൂലം മരണമടഞ്ഞിരുന്നു. എന്നാല്‍, ഇരകളുടെ കുടുംബത്തിനെ കുറിച്ചോ മറ്റോ പ്രധാനമന്ത്രി ഇതുവരെ ആശങ്കപ്രകടിപ്പിക്കാത്തതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
മോദിയുടെ കാപട്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പോലും, ഗോരഖ്പൂര്‍ ദുരന്തത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. കുട്ടികളുടെ മരണത്തിന് അദ്ദേഹം വളരെ ചെറിയ ഒരു പരാമര്‍ശം മാത്രമായിരുന്നു നടത്തിയത് രാജ്യത്ത് ദുരിതമുണ്ടായപ്പോള്‍ മിണ്ടാതിരുന്ന മോദി പണ്ട് പോര്‍ച്ചുഗലില്‍ കാട്ടുതീ പടര്‍ന്നപ്പോള്‍ ട്വീറ്റ് ചെയ്തതിനെയും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചിരുന്നു.