എന്നാല്‍ പിന്നെ ആ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പടവും ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേരും കൂടി മാറ്റിക്കൂടെ; ഖേല്‍ രത്‌നയുടെ പേര് മാറ്റിയ മോദിയെ എയറിലാക്കി ട്വിറ്റര്‍ ലോകം
national news
എന്നാല്‍ പിന്നെ ആ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പടവും ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേരും കൂടി മാറ്റിക്കൂടെ; ഖേല്‍ രത്‌നയുടെ പേര് മാറ്റിയ മോദിയെ എയറിലാക്കി ട്വിറ്റര്‍ ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th August 2021, 1:56 pm

ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേര് മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരമാക്കി മാറ്റിയതായി മോദി അറിയിച്ചതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രഖ്യാപനം വന്നത്. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയുടെ പേര് കായികതാരത്തിന്റെ പേരിലാക്കുന്നു എന്ന നിലയിലായിരുന്നു മോദിയുടെ ട്വീറ്റ്. ജനവികാരം മാനിച്ചാണ് നടപടിയെന്നും മോദി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നിരവധി പേരാണ് മോദിയുടെ നടപടിയെ വിമര്‍ശിച്ചും ട്രോളിയും മറുപടി ട്വീറ്റുകളുമായി രംഗത്തുവന്നിരിക്കുന്നത്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്നായിരിക്കും ശാസ്ത്രജ്ഞരുടെ പേര് വെക്കുക എന്നായിരുന്നു ഒരാളുടെ ചോദ്യം. നിലവില്‍ പ്രധാനമന്ത്രിയുടെ ചിത്രമാണ് വാക്‌സിനേഷന്‍ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റിലുള്ളത്.

നിലവിലുള്ള ആ ചിത്രത്തിലെ ശാസ്ത്രജ്ഞന്‍ അത്ര പോരെന്നും അയാള്‍ക്ക് എന്റയര്‍ പൊളിറ്റിക്‌സിലാണ് ഡിഗ്രിയെന്നും ഈ കമന്റില്‍ പറയുന്നു.

കായികതാരങ്ങളുടെ പേരായിരുന്നു ഈ രംഗത്തെ ബഹുമതികള്‍ക്ക് നല്‍കേണ്ടതെങ്കില്‍ പിന്നെ എന്തിനാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കിയിരിക്കുന്നതെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്.

ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയമെന്നാക്കിയിരുന്നു. അന്ന് വലിയ വിമര്‍ശനമായിരുന്നു ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്.

ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്ന വിവരം ട്വിറ്ററിലൂടെയായിരുന്നു മോദി അറിയിച്ചത്. ‘ഖേല്‍ രത്ന അവാര്‍ഡിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്നാക്കണമെന്ന് കുറെ നാളുകളായി ഒരുപാട് പേര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.

അവരുടെ ആ വികാരം മാനിച്ചുകൊണ്ട് ഖേല്‍ രത്ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്നായിരിക്കുമെന്ന് അറിയിക്കുകയാണ്, ജയ് ഹിന്ദ്,’ മോദിയുടെ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യക്ക് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്ത രാജ്യത്തെ ആദ്യ കായികതാരമാണ് മേജര്‍ ധ്യാന്‍ ചന്ദെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിലായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഈ നടപടി കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് തുടച്ചുനീക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമമാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Twitter users criticises PM Modi for changing Rajiv Gandhi Khel Ratna award’s name to Major Dhyan Chand award