ന്യൂദല്‍ഹി: ഐ.എന്‍.എസ് വിരാടിനെ രാജീവ്ഗാന്ധി പ്രൈവറ്റ് ടാക്‌സിയാക്കിയെന്ന ആരോപണത്തിന് പിന്നാലെ നേവിയുടെ കപ്പലായ ഐ.എന്‍.എസ് സുമിത്രയില്‍ അക്ഷയ് കുമാറും കുടുംബവും നില്‍ക്കുന്ന ചിത്രവുമായി കോണ്‍ഗ്രസ് ഐ.ടി സെല്‍ നേതാവ് ദിവ്യ സ്പന്ദന.
ഒരു കനേഡിയന്‍ പൗരനെ നിങ്ങള്‍ ഐ.എന്‍.എസ് സുമിത്രയില്‍ കൊണ്ടുപോയത് ശരിയായിരുന്നോയെന്ന് ദിവ്യാസ്പന്ദന ചോദിച്ചു.
വിശാഖ പട്ടണത്ത് നടന്ന സൈനികാഭ്യാസമായ ഇന്റര്‍നാഷണല്‍ ഫ്‌ളീറ്റ് റിവ്യൂ 2016 ലാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും മകനും പങ്കെടുത്തിരുന്നത്. ഒപ്പം ബോളിവുഡ് നടി കങ്കണ റണാവത്തുമുണ്ടായിരുന്നു.
ഐ.എന്‍.എസ് വിരാടില്‍ രാജീവ്ഗാന്ധിയും കുടുംബവും ലക്ഷദ്വീപിലേക്ക് അവധിക്കാലമാഘോഷിക്കാന്‍ പോയെന്നും സോണിയാ ഗാന്ധിയുടെ ഇറ്റലിക്കാരായ ബന്ധുക്കളും കപ്പലിലുണ്ടായിരുന്നുവെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ മോദിയുടെ വാദം തെറ്റാണെന്ന് നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ രാംദാസ് പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് സമ്മാനദാനം നിര്‍വഹിച്ച ശേഷം ദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് രാജീവ് ഗാന്ധി ലക്ഷദ്വീപിലേക്ക് പോയതെന്നും അന്ന് കൊച്ചിയില്‍ ദക്ഷിണ നാവികസേനാ കമാന്‍ഡ് മേധാവിയായിരുന്ന താനും കപ്പലിലുണ്ടായിരുന്നെന്നും അഡ്മിറല്‍ രാംദാസ് പ്രതികരിച്ചിരുന്നു. വിദേശികള്‍ കപ്പലിലില്‍ കയറിയെന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.