ലഖ്‌നൗ: ഉക്രൈനില്‍ നിന്നും തിരിച്ചെത്തിക്കാനും കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും കഴിയാതിരുന്ന കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ചില വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു.
ഉക്രൈനില്‍ തങ്ങള്‍ നേരിട്ട വലിയ ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ തനിക്ക് നേരെ രോഷം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മറുപടി പറഞ്ഞും ഇന്ത്യയിലെ മുന്‍സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് മോദി.
തന്നോടും സര്‍ക്കാരിനോടും രോഷം പ്രകടിപ്പിച്ചവരോട് സഹതാപമുണ്ടെന്നും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ അത്തരം വികാരപ്രകടനങ്ങളൊക്കെ സ്വാഭാവികമാണെന്നുമായിരുന്നു മോദി പറഞ്ഞത്. അതൊന്നും അധികകാലം നിലനില്‍ക്കില്ലെന്നും അവരും സ്‌നേഹം പ്രകടിപ്പിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്.
മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയതിന് മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുകയായിരുന്നുമോദി. ഉക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തനിടെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ നയങ്ങള്‍ മുന്‍പ് തന്നെ ശരിയായിരുന്നെങ്കില്‍, നിങ്ങള്‍ക്ക് വിദേശത്ത് പോകേണ്ടിവരില്ലായിരുന്നു. ഇത്രയും ചെറുപ്പത്തില്‍ തങ്ങളുടെ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നത് ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മോദി പറഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ മരിച്ചത്. ഇന്ന് ഒരു വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 17,000 ഇന്ത്യന്‍ പൗരന്മാര്‍ ഉക്രൈന്‍ വിട്ടു. മാര്‍ച്ച് 10 ഓടെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരെയും ഒഴിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ഉക്രൈന്‍ രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.
ഉക്രൈന്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ തങ്ങളുടെ വിദ്യാര്‍ത്ഥികളെയും പൗരന്‍മാരെയും തിരിച്ചെത്തിക്കാനുള്ള പരിശ്രമത്തിലാണ് അതത് രാജ്യത്തെ ഭരണകൂടങ്ങള്‍. ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാരും വിദ്യാര്‍ത്ഥികളെയടക്കമുള്ളവരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നുണ്ട്.
ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിലുള്ള അലംഭാവവും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇത്തരത്തില്‍ ഉക്രൈനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളുടെ ഒരു വീഡിയോയും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും, മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്.
മോദിയുടെ പി.ആറിന് വേണ്ടിയുള്ള പോപ്പുലാരിറ്റി സ്റ്റണ്ട് പൊളിഞ്ഞെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.
നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോയും ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സിന്ധ്യയോട് റൊമാനിയന്‍ മേയര്‍ കയര്‍ക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്.
എന്താണ് പറയേണ്ടതെന്ന് താന്‍ തീരുമാനിക്കുമെന്ന് സിന്ധ്യ പറഞ്ഞപ്പോള്‍, ‘…. അവര്‍ (വിദ്യാര്‍ത്ഥികള്‍) ഈ രാജ്യം വിടുമ്പോള്‍ നിങ്ങള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കണം. ഞാനാണ് അവര്‍ക്ക് സുരക്ഷയൊരുക്കിയത്. ഞാനാണവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതുകൂടാതെ ഞാനാണ് അവരെ വേണ്ട സമയത്ത് സഹായിച്ചത്,’ എന്നു പുറഞ്ഞുകൊണ്ടായിരുന്നു മേയര്‍ സിന്ധ്യയോട് കയര്‍ത്തത്.
മേയര്‍ പറഞ്ഞതുകേട്ട് സന്തോഷത്തോടെ കയ്യടിക്കുന്ന വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം.