| Monday, 22nd November 2021, 3:47 pm

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള നടപടി സ്വീകരിക്കുന്നതും യോഗത്തില്‍ പ്രധാന ചര്‍ച്ചയാവും.

നവംബര്‍ 28 ന് 11 മണിക്കായിരിക്കും യോഗം ചേരുക. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ബി.ജെ.പിയുടെ പാര്‍ലമെന്ററി മീറ്റിങുമുണ്ടാവും. എന്‍.ഡി.എ നേതാക്കള്‍ ഈ മീറ്റിങില്‍ പങ്കെടുക്കും.

ബുധനാഴ്ച ചേരുന്ന നിര്‍ണായകമായ പാര്‍ലമെന്റ് സെഷനിലായിരിക്കും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക. ഇതിനൊപ്പം മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്താനും പ്രതിപക്ഷം ആവശ്യപ്പെടും. മിനിമം താങ്ങുവില ഏര്‍പ്പാടാക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍.

ഗുരുനാനാക്കിന്റെ ജന്മദിനമായ വെള്ളിയാഴ്ച അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്. സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടന്നത്.

കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pm-modi-to-lead-all-party-meeting-on-sunday-ahead-of-winter-session

We use cookies to give you the best possible experience. Learn more