ന്യൂദല്‍ഹി: കര്‍ഷക സമരത്തിനിടെ 971 കോടിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കലിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബര്‍ 10 ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപിച്ചത്.
64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഓം ബിര്‍ള പറഞ്ഞു.
‘നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ നമ്മുടെ ആളുകള്‍ തന്നെ നിര്‍മ്മിക്കുന്ന കെട്ടിടമായിരിക്കും ഇവിടെ ഉയരാന്‍ പോകുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തും’, എന്നായിരുന്നു ഓം ബിര്‍ള പരഞ്ഞത്.
പുതിയ കെട്ടിടം രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ പാര്‍ലമെന്റ് സമ്മേളനം പുതിയ കെട്ടിടത്തില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടം ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കുമെന്നും 2000 ആളുകള്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ നേരിട്ടും 9,000 പേര്‍ അല്ലാതെയും പങ്കാളികളാകുമെന്നും ബിര്‍ള പറഞ്ഞു.
1,224 എം.പിമാര്‍ക്ക് കെട്ടിടത്തില്‍ ഒരുമിച്ച് ഇരിക്കാമെന്നും ഇരുസഭകളിലുമുള്ള എല്ലാ എം.പിമാര്‍ക്കും പുതിയ ഓഫീസ് നിര്‍മ്മിക്കുമെന്നും നിലവിലുള്ള ശ്രാം ശക്തി ഭവനിന്റെ സ്ഥലത്തായിരിക്കും ഓഫീസ് നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വത്തായതിനാല്‍ നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടം സംരക്ഷിക്കപ്പെടുമെന്നും ബിര്‍ള പറഞ്ഞു. ചടങ്ങില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങെന്നും ഓം ബിര്‍ള പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ‘പേപ്പര്‍ലെസ് ഓഫീസുകള്‍’ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയായി ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജമാക്കുമെന്നും ഓം ബിര്‍ള പറഞ്ഞു.
പുതിയ കെട്ടിടത്തില്‍ ലോക്‌സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യവും രാജ്യസഭയില്‍ 384 സീറ്റുകളും ഉണ്ടാകും. നിലവില്‍ ലോക്‌സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്.
ഈ വര്‍ഷം സെപ്റ്റംബറിലാണ് 861.90 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയാനുള്ള ടെന്റര്‍ ടാറ്റ പ്രോജക്ട് ലിമിറ്റഡിന് നേടിയെടുത്തത്. നിലവിലുള്ള കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക.