അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം ഒരു ബി.ജെ.പി പ്രദർശനമായിരിക്കുന്നു എന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റൗത്ത്.
സ്റ്റേഡിയത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ ആസൂത്രിത സന്ദർശനം ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരരുത് എന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി മോദിയാണ് ബൗൾ ചെയ്യുന്നതെന്നും അമിത് ഷാ ബാറ്റ് ചെയ്യുമെന്നും ബി.ജെ.പി നേതാക്കൾ ബൗണ്ടറി കാക്കുമെന്നുമാണ് ഇന്നത്തെ ലോകകപ്പ് ഫൈനൽ മത്സരം കാണുമ്പോൾ തോന്നുക.
ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരാൻ പാടില്ല, പക്ഷേ അതാണ് അഹമ്മദാബാദിൽ നടക്കുന്നത്,’ സഞ്ജയ് റൗത്ത് പറഞ്ഞു.
മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ അത് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വന്നതുകൊണ്ടാണെന്ന് പോലും വരുത്തിത്തീർക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇന്ത്യ ലോകകപ്പ് വിജയിച്ചാൽ, നമ്മൾ ട്രോഫി ഉയർത്തിയാൽ അത് നരേന്ദ്ര മോദിയുടെ സാന്നിധ്യം ഉണ്ടായത് കൊണ്ടാണെന്ന് പിന്നീട് കേട്ടാൽ എനിക്ക് വലിയ അത്ഭുതമൊന്നുമുണ്ടാകില്ല. ഈ രാജ്യത്ത് ഇപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാം,’ അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്കൊപ്പം ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചർഡ് മാൽസും കളി കാണാൻ എത്തിയിട്ടുണ്ട്.
2011ൽ ലോകകപ്പ് നേടിയ ഇന്ത്യ അതിൽ ശേഷം ആദ്യമായാണ് ഒരു ഫൈനൽ മത്സരം കളിക്കുന്നത്. ഇന്ത്യ ആദ്യമായാണ് ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം ഇന്ത്യൻ ടീമിൽ പ്രതീക്ഷയർപ്പിച്ച പല താരങ്ങളും തിളങ്ങാതെ പോയ ആദ്യ ഇന്നിങ്സിൽ 240 റൺസാണ് അവർ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒമ്പത് ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്.
Content Highlight: ‘PM Modi to bat, Amit Shah to bowl’: Sanjay Raut claims ‘politics in cricket