ചെന്നൈ: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ പുതിയ നീക്കവുമായി ബി.ജെ.പി. അടുത്ത വര്‍ഷം ജനുവരിയില്‍ തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമയത്ത് നടക്കാനിരിക്കുന്ന ജെല്ലിക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് ബി.ജെ.പി അറിയിച്ചു. ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ ബി.ജെ.പിക്കും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ 25 ലോക്‌സഭാ സീറ്റുകളിലാണ് ബി.ജെ.പി വിജയം ലക്ഷ്യം വെക്കുന്നതെന്ന് അമിത് ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു.
2019ല്‍ ആകെ 39 ലോക്‌സഭാ സീറ്റുകളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി. ഇത്തവണ 11 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കിയ സൂചനകള്‍. അതിനിടെയാണ് 25 സീറ്റില്‍ മത്സരിക്കുമെന്ന അമിത് ഷായുടെ പരാമര്‍ശം ഉണ്ടാവുന്നത്.
അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പിയുടെ ഘടകക്ഷിയായ എ.ഐ.എ.ഡി.എം.കെ തന്നെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനം തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു അണ്ണാ ഡി.എം.കെ പ്രതികരിച്ചത്.
അതേസമയം, ബി.ജെ.പി ഭരണം രാജ്യത്തിന് ആപത്താണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിമര്‍ശിച്ചു. മോദി ഇനിയും തുടര്‍ന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തമിഴ് സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
കരുണാനിധി സ്മാരക ഉദ്ഘാടന വേദിയിലായിരുന്നു എം.കെ. സ്റ്റാലിന്റെ ഈ വിമര്‍ശനം. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: pm modi to attend jallikattu before lok sabha elections