| Thursday, 15th August 2019, 8:47 am

ആര്‍ട്ടിക്കിള്‍ 370ഉം 35എയും റദ്ദാക്കിയതിലൂടെ സാക്ഷാത്കരിച്ചത് പട്ടേലിന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി; 'ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികളുണ്ട്, ഒന്നൊന്നായി നടപ്പിലാക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്
കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഏകകണ്‌ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ ജനത ഏറെകാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് രാജ്യം മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പല മേഖലകളും പ്രളയദുരിതത്തിലാണ്. ദേശീയ ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ളവര്‍
പ്രളയബാധിതമേഖലകളില്‍ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് പത്ത് ആഴ്ചകള്‍ ആയിട്ടുള്ളുവെങ്കിലും വികസനപദ്ധതികള്‍ വേഗത്തിലാണ് നടക്കുന്നത്. ഞങ്ങളുടെ ജോലികള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ദിവസം പോലും കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370-ഉം 35എയും റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മുത്തലാഖ് ബില്ല് നടപ്പിലാക്കിയതിലൂടെ ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികളുണ്ട്. അത് ഒന്നൊന്നായി നടപ്പാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more