ന്യൂദല്‍ഹി: ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ ഖരഗ്പുരില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിനിടെയാണ് ഡിസ്ലെക്‌സിയ രോഗികളെ പ്രധാനമന്ത്രി അപമാനിച്ചത്. കുട്ടികളോട് സംവദിക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രിയോട് ഒരു വിദ്യാര്‍ത്ഥി ഡിസ്ലെക്‌സിയ എന്ന പ്രശ്‌നത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു.
“അടിസ്ഥാനപരമായി ഞങ്ങളുടെ ആശയം ഡിസ്ലെക്‌സിയ ബാധിച്ചവരുമായി ബന്ധപ്പെട്ടാണ്. ഡിസ്ലെക്‌സിയ ഉള്ള കുഞ്ഞുങ്ങള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, പക്ഷേ അവരുടെ ബുദ്ധിയും ക്രിയേറ്റിവിറ്റിയും വളരെ നല്ലതാണ്…താരേ സമീന്‍ പര്‍ സിനിമയിലെ ദര്‍ശീലിന്റെ ക്യാരക്ടര്‍ ക്രിയേറ്റിവിറ്റിയില്‍ വളരെ നല്ലതായിരുന്നതുപോലെ.” എന്നാല്‍ വിദ്യാര്‍ത്ഥി പറഞ്ഞ് തീരും മുമ്പ് മോദി ഇടപെട്ടു.
“പത്തുനാല്‍പ്പത് വയസുള്ള കുട്ടികള്‍ക്കും കണ്ടുപിടിത്തം കൊണ്ട് ഉപകാരമുണ്ടാവുമോ” വിദ്യാര്‍ത്ഥിയോടു ചോദിച്ചയുടനെ മോദി ചിരിച്ചു. പിന്നാലെ വിദ്യാര്‍ത്ഥികളും.
ഗുണമുണ്ടാവുമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. തുടര്‍ന്ന് വിശദീകരണം തുടരാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടു ഇടപെട്ട് “ഓഹോ….അങ്ങനെയെങ്കില്‍ അതുപോലത്തെ കുട്ടികളുടെ അമ്മമാര്‍ വളരെ സന്തോഷിക്കും” എന്നും മോദി പറയുന്നു. പിന്നാലെ ചിരിനര്‍ത്താന്‍ കഴിയാത്ത മോദിയോടൊപ്പം ചിരിക്കാന്‍ വിദ്യാര്‍ത്ഥികളും നിര്‍ബന്ധിതരായി.
എന്നാല്‍ ഡിസ്ലെക്‌സിയ രോഗികളെ അപമാനിച്ചെന്നും പരിഹസിച്ചെന്നും ആരോപിച്ച് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ മുന്നിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം ഒരു വിദ്യാര്‍ത്ഥി പറഞ്ഞുകൊണ്ടിരിക്കുമ്പൊള്‍ അവരെ പരിഹസിക്കുന്നതിനു തുല്യമുള്ള ” തമാശ ” പൊട്ടിക്കുന്ന നിങ്ങള്‍ എന്തു സന്ദേശമാണവര്‍ക്ക് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
ഒരു ലേണിങ്ങ് ഡിസെബിലിറ്റിയെപ്പോലും രാഷ്ട്രീയ എതിരാളിയെ അപമാനിക്കാനായി ദുരുപയോഗിക്കുന്ന പ്രധാനമന്ത്രി ഇനി എവിടെവരെ തരം താഴുമെന്നും രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചുള്ള മോദിയുടെ തമാശ കുട്ടികളുടെ ചോദ്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും ഇത് അപമാനകരമാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.