കശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും രാജ്യത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി
Kashmir
കശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനം; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും രാജ്യത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 9:28 pm

ന്യൂദല്‍ഹി: കശ്മീരിനുള്ള പ്രത്യേകപദവി എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. കശ്മീരിന്റെ വികസനത്തിന് 370ാം വകുപ്പ് തടസമായിരുന്നെന്നും 370 ാം വകുപ്പ് ജമ്മുകശ്മീരില്‍ തീവ്രവാദവും അഴിമതിയും മാത്രമൈണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി രാഷ്ട്രത്തിനെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ശ്യാംപ്രസാദ് മുഖര്‍ജി വാജ്‌പേയ് എന്നിവര്‍ കണ്ട സ്വപ്‌നമാണ് ഇപ്പോള്‍ നടന്നതെന്നും 370-ാം വകുപ്പിന്റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ ഒന്നായി നിന്നെന്നും അദ്ദേഹം പറഞ്ഞു.

370-ാം വകുപ്പ് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചെന്നും പാകിസ്ഥാന്റെ ദേശവിരുദ്ധവികാരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വകുപ്പ് കാരണം ജമ്മു കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിന്റെ ആധുനികവത്കരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കശ്മീരിലെ റോഡ്, റെയില്‍വേ ,വ്യോമഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുമെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉടന്‍ തന്നെ കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും ജമ്മുവിലെ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയമസഭ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം ജമ്മു കശ്മീരില്‍ മെച്ചപ്പെട്ട ഭരണവും വികസനവും നടന്നിട്ടുണ്ട്. നേരത്തെ പേപ്പറുകളില്‍ മാത്രമുണ്ടായിരുന്ന പദ്ധതികള്‍ ഇപ്പോള്‍ അവിടെ നടപ്പിലായി തുടങ്ങി.

ഒരുപാട് ആലോചനകള്‍ക്കൊടുവിലാണ് ജമ്മു കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴില്‍ കൊണ്ടു വരാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും ഇതൊരു നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രമായിട്ടുള്ള നടപടിയാണെന്നും മോദി പറഞ്ഞു.

കശ്മീരിനെ പ്രധാന സ്ഥലമാക്കി സിനിമകള്‍ നിര്‍മ്മിക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. നേരത്തെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടന്ന മാര്‍ച്ച് 27നാണ് അവസാനമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

സ്വാതന്ത്ര്യദിനത്തിലെ അഭിസംബോധനയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതിനിടെയാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിനെ അഭിസംബോധന ചെയ്തത്.

കശ്മീരിന് നല്‍കിയ പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ വിഭജിച്ച തീരുമാനത്തിനെതിരെ പാകിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ മോദി സംസാരിച്ചിരുന്നില്ല.

ജമ്മു കാശ്മീരിന്റെ സ്വയംഭരണ പദവി നീക്കം ചെയ്തതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇനിയും നീക്കിയില്ല. ഇന്റര്‍നെറ്റ്, മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവയൊന്നും പുനസ്ഥാപിച്ചിട്ടുമില്ല.

ജനങ്ങള്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. അധികമാരും പുറത്തിറങ്ങാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം കരുതല്‍ തടങ്കലില്‍ തുടരുകയാണ്.

DoolNews Video