ന്യൂദല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മണിപ്പൂര്‍ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും രാജ്യം മണിപ്പൂരിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി മണിപ്പൂര്‍ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ അമ്മമാരും സഹോദരിമാരും അപമാനിതരായി. എന്നാല്‍ മണിപ്പൂരില്‍ സമാധാനം പതുക്കെ തിരിച്ചുവരികയാണ്. സമാധാനം നിലനിര്‍ത്താന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്,’ അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം രാജ്യത്തെ പല സംസ്ഥാനങ്ങളും സങ്കല്‍പ്പിക്കാനാകാത്ത പ്രശ്‌നങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും മോദി പറഞ്ഞു.
‘ഈ വര്‍ഷം രാജ്യത്തെ പല സംസ്ഥാനങ്ങളും സങ്കല്‍പ്പിക്കാനാവാത്ത പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടും ഞാന്‍ സഹതാപം പ്രകടിപ്പിക്കുന്നു. ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.
1000 വര്‍ഷത്തെ അടിമത്തത്തിന്റെയും 1000 വര്‍ഷത്തെ മഹത്വത്തിന്റെയും നടുവിലാണ് നാമിപ്പോള്‍ നില്‍ക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് നമ്മള്‍ എടുക്കുന്ന ഏത് തീരുമാനവും അടുത്ത 1000 വര്‍ഷങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസംഗത്തില്‍ മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യ സമരസേനാനികളെയും അദ്ദേഹം അനുസ്മരിച്ചു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിന് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ജനങ്ങള്‍ 2014ല്‍ തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ രാജ്യത്തെ പരിവര്‍ത്തനം ചെയ്യാന്‍ പൂര്‍ണ ഹൃദയത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
പരിഷ്‌കരണം, നടപ്പിലാക്കല്‍, പരിവര്‍ത്തനം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം,’ മോദി പറഞ്ഞു.
അതേസമയം ദല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കും വടക്കന്‍ ദല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും 700 ലധികം പൊലീസ് ഉദ്യോഗസ്ഥരെ നിലയുറപ്പിച്ചിട്ടുണ്ട്.
ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകേണ്ട മനോഭാവമാണ് രാജ്യത്ത് വളര്‍ന്നുവരേണ്ടതെന്ന് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതിയുടെ ദ്രൗപദി മുര്‍മുവും പറഞ്ഞു.
ഇന്ത്യന്‍ പൗരനാണെന്നത് ഓരോ ഭാരതീയന്റെയും സ്വത്വമാണെന്നും രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
content highlights: pm modi speech about independence day