ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാമ്‌ന. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും സമ്പദ് വ്യവസ്ഥയുടെ നവീകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസംഗത്തിലുള്‍പ്പെടുത്തണമായിരുന്നുവെന്നാണ് വിമര്‍ശനം.
തൊണ്ണൂറ് മിനിറ്റ് നീണ്ടു നിന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കൊറോണയും, വാക്‌സിനും, ദേശീയ ആരോഗ്യ മിഷനും ഒക്കെയുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എങ്ങനെ ഉപയോഗപ്രദമാകുമെന്ന കാര്യത്തില്‍ യാതൊരു വിശദീകരണവും ഇല്ല.
രാജ്യത്ത് 14 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ ഇത് വര്‍ധിക്കും. പലര്‍ക്കും വീടുകള്‍ നഷ്ടമാകും. അപ്പോള്‍ അവരെന്ത് ചെയ്യും? ബിസിനസ്സുകള്‍ ഇല്ലാതാകുന്നു, തൊഴിലില്ലാതെ ജനം വലയുന്നു. ഇത്തരം പ്രശ്‌നങ്ങളെപ്പറ്റിയായിരുന്നു പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത്.
രാജ്യത്തെ സംരക്ഷിക്കാന്‍ അതിര്‍ത്തിസേനയും വ്യോമസേനയും സദാ സമയം ജാഗരൂകരായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ രാജ്യത്തെ പ്രധാന ഭീഷണികളായ തൊഴിലില്ലായ്മയെയും പട്ടിണിയേയും ആര് പ്രതിരോധിക്കുമെന്നും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നു.
അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെയും സാമ്‌നയില്‍ വിമര്‍ശനമുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ത്വരിതഗതിയിലാക്കാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടെന്നാണ് രാജ് നാഥ് സിംഗ് പറഞ്ഞത്.
ലോകത്തെ വെറുതെ വിട്ടേക്ക് സര്‍, ഇന്ത്യയിലേക്ക് വരു…രാജ്യത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കു. സ്വാതന്ത്ര്യ ദിനങ്ങള്‍ ഇനിയും വരും പോകും. ചെങ്കോട്ട അവിടെ തന്നെ കാണും. അതുപോലെ തന്നെ ഇന്ത്യയിലെ പ്രശ്‌നങ്ങളും- ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.