ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ നേതാവും എം.പിയുമായ ഡി. രാജ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുമെതിരെയും മോദി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഡി. രാജ രംഗത്തെത്തിയത്.
അല്പം കൂടി അന്തസ് മോദി കാണിക്കണമെന്നും ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രിയാണെന്ന കാര്യം മോദി മറക്കരുതെന്നും രാജ പറയുന്നു. ചില കാര്യങ്ങള്‍ പറയാനും ആവശ്യപ്പെടാനും അദ്ദേഹത്തിന് അവകാശമുണ്ട്. ഒരു സി.പി.ഐ എം.പി എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍മാറണമെന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ മോദി നടത്തുന്നത്- രാജ പറഞ്ഞു.
പ്രതിപക്ഷത്തെ ഉള്‍ക്കൊള്ളാന്‍ മോദി തയ്യാറാകണം. അദ്ദേഹം ഒരു രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നുണ്ടാകാം. എന്നാല്‍ അടിസ്ഥാനപരമായി അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അത് മനസിലാക്കി വേണം അദ്ദേഹം സംസാരിക്കാന്‍- രാജ പറഞ്ഞു.
ഒരു മുന്‍പ്രധാനമന്ത്രിയെ കുറിച്ച് ഇത്തരം തരംതാഴ്ന്ന ഒരു പ്രസ്താവന ഒരു പ്രധാനമന്ത്രിയും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇത്രയേറെ തരംതാഴാന്‍ മോദിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രസംഗിക്കുമ്പോഴാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ വ്യക്തിപരമായി പരിഹസിച്ചും കടന്നാക്രമിച്ചും രംഗത്തെത്തിയത്. “കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന വിദ്യ ഡോക്ടര്‍ സാബിനെ അറിയൂ” എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഉണ്ടായ കുംഭകോണങ്ങളെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.