ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും വരെ സി.ബി.ഐയെ അയച്ചെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സി.ബി.ഐ പോലുള്ള ഏജന്‍സികളെ മോദി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപകരണമായി ഉപയോഗിക്കുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. പശ്ചിമബംഗാളിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വീടു റെയ്ഡ് ചെയ്യാന്‍ മോദി സി.ബി.ഐയെ അയച്ചു. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്. സി.ബി.ഐ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മോദി ഉപയോഗിക്കുകയാണെന്നും കെജ്‌രിവാള്‍ വിശദീകരിച്ചു.
പശ്ചിമ ബംഗാളിലെ സ്ഥിതി അപകടകരവും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
Also read:അന്നേ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്… കൈക്കൂലി വാങ്ങരുതെന്ന്; ഹിമാലയവാസത്തിനും വനവാസത്തിനും ശേഷം മോദി
“കേന്ദ്രസര്‍ക്കാര്‍ പശ്ചിമബംഗാളില്‍ കാട്ടിക്കൂട്ടിയതെല്ലാം അപകടകരമാണ്, ഭരണഘടനാ വിരുദ്ധമാണ്, ജനാധിപത്യത്തിന് എതിരാണ്. എല്ലാ സംസ്ഥാനത്തിനും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറുണ്ട്. പ്രധാനമന്ത്രി സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ഈ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ രാജ്യം ഒരിക്കലും സുരക്ഷിതമായിരിക്കില്ല.” കെജ്‌രിവാള്‍ പറഞ്ഞു.
ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാള്‍ പൊലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2013 ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.