ജയ്പൂര്‍: പ്രതിപക്ഷ മുന്നണിക്കെതിരെ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അഴിമതി ഇന്ത്യ വിടൂ, കുടുംബ വാഴ്ച ഇന്ത്യ വിടൂ’ എന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ എന്ന പേര് സഖ്യത്തിന് ഉപയോഗിക്കുന്നത് രാജ്യസ്‌നേഹം കൊണ്ടല്ലെന്നും വിമര്‍ശിച്ചു. പേര് മാറ്റി യു.പി.എ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ സിക്കറില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷത്തിന്റെ പേര് പുതിയതാണെങ്കിലും പണി പഴയത് തന്നെയാണെന്നും നാണക്കേട് കൊണ്ടാണ് പഴയ പേര് അവര്‍ ഉപേക്ഷിച്ചതെന്നും മോദി വിമര്‍ശിച്ചു.
‘ക്വിറ്റ് ഇന്ത്യ എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷത്തിനെ നേരിടും. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നിവ മുന്നോട്ട് വെക്കുന്ന പാര്‍ട്ടികള്‍ ഇന്ത്യ വിടണം. ദേശീയത ഉയര്‍ത്തിക്കാട്ടാനല്ല, യു.പി.എ ഭരണകാലത്തെ അഴിമതി മറച്ചുവെക്കാനാണ് പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തനം നടത്തിയ നിരോധിത സംഘടനയായ സിമിയുടെ പേരിലും ഇന്ത്യ എന്ന വാക്കുണ്ട്. അതുകൊണ്ട് ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് കൊണ്ട് പ്രതിപക്ഷം ദേശീയവാദികളാകില്ല.
ഇന്ത്യയെക്കുറിച്ച് ചിന്തയുണ്ടെങ്കില്‍ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പറയുമോ? ഭാഷയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമോ?
ഗല്‍വാനില്‍ സൈന്യം ധീരത പ്രകടിപ്പിച്ചപ്പോള്‍ അതിനെ സംശയിച്ചവരാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വ്യോമാക്രമണവും മിന്നലാക്രമണവും നടത്തിയപ്പോള്‍ അതിനെ സംശയത്തോടെ സമീപിച്ചവരാണ് പ്രതിപക്ഷം. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാതെ പട്ടാളക്കാരെ വലച്ചവരാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍,’ മോദി പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെ പ്രാസംഗികരുടെ പട്ടികയില്‍ നിന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് നേരത്തെ വെട്ടിയത് വിവാദമായിരുന്നു. പ്രധാനമന്ത്രിക്ക് തന്റെ സ്വീകരണം ട്വിറ്ററിലൂടെ മാത്രമായിരിക്കുമെന്ന് പിന്നാലെ ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
‘ഇന്ന് നിങ്ങള്‍ രാജസ്ഥാനിലെത്തും. പരിപാടിയില്‍ പ്രസംഗിക്കാന്‍ എനിക്ക് അനുവദിച്ച മൂന്ന് മിനിറ്റും എടുത്ത് മാറ്റിയിരിക്കുന്നു. അതിനാല്‍ ഒരു പ്രസംഗത്തിലൂടെ നിങ്ങളെ സ്വീകരിക്കാന്‍ എനിക്ക് സാധിക്കില്ല. ഈ ട്വീറ്റിലൂടെ നിങ്ങളെ ഹൃദയപൂര്‍വ്വം ഞാന്‍ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നു,’ എന്നായിരുന്നു ഗെഹ്ലോട്ടിന്റെ ട്വീറ്റ്.