ന്യൂദല്‍ഹി: തന്റെ മൂന്നാം വരവില്‍ ഇന്ത്യയെ ലോക സമ്പദ്‌വ്യവസ്ഥകളില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീകരിച്ച പ്രഗതി മൈതാനത്തിന്റെ ഉദ്ഘാടന വേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ ആദ്യ അവസരത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. എനിക്ക് ലഭിച്ച രണ്ടാം അവസരത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി.
മൂന്നാമത്തെ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തും. ഇത് മോദിയുടെ ഉറപ്പാണ്.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഉടന്‍ ദല്‍ഹിയില്‍ നിര്‍മിക്കും. നേരത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് രാജ്യം ഇപ്പോള്‍ കൈവരിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അഭിമാനം തോന്നാത്ത ഒരു ഇന്ത്യക്കാരന്‍ പോലും ഉണ്ടാകില്ല.
ബി.ജെ.പിക്ക് മൂന്നാമതും അവസരം ലഭിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം ഇനിയും വര്‍ധിക്കും. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ രാജ്യത്തിന് കഴിയും,’ പ്രധാനമന്ത്രി പറഞ്ഞു.
നവീകരിച്ച പ്രഗതി മൈതാനത്തിന്റെ പേര് ‘ഭാരത് മണ്ഡപം’ എന്ന് പ്രധാനമന്ത്രി പുനര്‍നാമകരണവും ചെയ്തു. അതേസമയം മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തി.
‘ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ജി.ഡി.പി വളരുന്നത് അഭിമാനകരം തന്നെയാണ്. എന്നാല്‍ ആളോഹരി വരുമാനത്തിന്റെ റാങ്കിങ്ങിന്റെ കാര്യത്തില്‍ ഇന്ത്യ 128ാം സ്ഥാനത്താണ്.
ഈ കണക്ക് നമ്മളെ കൂടുതല്‍ വിനയാന്വിതരാക്കണം. കൂടുതല്‍ നേട്ടത്തിലേക്ക് വളരേണ്ടതുണ്ട്,’ മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം ചൂണ്ടിക്കാട്ടി.