ബീഹാറില്‍ 'ജയ് ശ്രീറാം' ആയുധമാക്കി മോദിയുടെ റാലി; 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്നും പ്രധാനമന്ത്രി
national news
ബീഹാറില്‍ 'ജയ് ശ്രീറാം' ആയുധമാക്കി മോദിയുടെ റാലി; 'ഭാരത് മാതാ കീ ജയ്' വിളിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്നും പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd November 2020, 4:19 pm

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ആര്‍.ജെ.ഡിയേയും പ്രതിപക്ഷ കക്ഷികളെയും രാഷ്ട്രീയമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ 15 വര്‍ഷത്തെ ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ഭരണം ജംഗിള്‍ രാജാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജംഗിള്‍ രാജിന്റെ ഉപജ്ഞാതാക്കളായവര്‍ക്ക് ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും ബീഹാറിലെ ജനങ്ങള്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താത്പര്യമില്ലെന്ന വര്‍ഗീയ പരാമര്‍ശമാണ് മോദി സഹസ്ര മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

” ബീഹാറിലെ ജനങ്ങള്‍ ഭാരത് മാതാ കീ ജയിയും, ജയ് ശ്രീറാമും വിളിക്കുന്നത് ഇഷ്ടപ്പെടാത്ത ചിലരുണ്ട്. അവരെല്ലാം ഒത്തുചേര്‍ന്ന് ഇപ്പോള്‍ വോട്ട് ചോദിക്കുകയാണ്. ഇവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കേണ്ടത് ആവശ്യമാണ്”, പ്രധാനമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബീഹാറിലെ നിതീഷ് കുമാര്‍-ബി.ജെ.പി ഭരണം ജനങ്ങളില്‍ നിന്ന് അരക്ഷിതത്വവും, ഇരുട്ടും നീക്കിയെന്നും ബീഹാറിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി എന്‍.ഡി.എക്ക് വോട്ട് ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.

ബീഹാറില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് കൂടി ബാക്കി നില്‍ക്കെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഉയര്‍ത്തിക്കാട്ടിയും മോദി വോട്ടു ചോദിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന വാഗ്ദാനം കോണ്‍ഗ്രസ് വെറുതെ ആവര്‍ത്തിക്കുകയാണെന്നും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ടാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് 100 സീറ്റുപോലും തികയ്ക്കാതെ ചുരുങ്ങിപ്പോയതെന്നും മോദി പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിലും ബീഹാറില്‍ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ജനങ്ങള്‍ക്കും തെരഞ്ഞടുപ്പ് പ്രക്രിയയില്‍ സജീവമായി മുമ്പില്‍ നില്‍ക്കുന്നവര്‍ക്കും മോദി നന്ദി പറഞ്ഞു.

മധ്യ ബീഹാറിലെ തിര്‍ഹട്ട്, മിഥിലാഞ്ചല്‍ കോസി മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും പട്ന, നളന്ദ ജില്ലകളിലെ ചില പ്രദേശങ്ങളിലുമാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.

17 ജില്ലകളിലായി 94 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട വോട്ടിംഗ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും നിയമസഭാ കൗണ്‍സില്‍ അംഗവും തേജസ്വിയുടെ അമ്മയുമായ റാബ്രി ദേവിയും പട്നയിലെ വെറ്റിനറി കോളെജിലെത്തി വോട്ട് രേഖപ്പെടുത്തി. ബീഹാറില്‍ മാറ്റവും പുരോഗതിയും അത്യാവശ്യമാണെന്ന് വോട്ടിംഗ് കഴിഞ്ഞ് പുറത്തിങ്ങവെ റാബ്രി ദേവി പറഞ്ഞു.

എല്‍.ജെ.പി തലവനായ ചിരാഗ് പാസ്വാന്‍ ഖാഗരിയയിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. നിതീഷ് മുക്ത് ബീഹാറിനായി വോട്ട് ചെയ്യണമെന്നായിരുന്നു പാസ്വാന്‍ പറഞ്ഞത്. ബീഹാര്‍ ജനത നിതീഷ് കുമാറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആകെ 243 നിയമസഭാ മണ്ഡലങ്ങളാണ് ബീഹാറിലുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ജനതാദളും ഒരുമിച്ച് ജനവിധി തേടിയ ഘട്ടത്തില്‍ ഈ 94 സീറ്റുകളില്‍ 70 സീറ്റുകള്‍ സഖ്യം നേടിയിരുന്നു. ആര്‍.ജെ.ഡിക്ക് 33 സീറ്റുകളും ജെ.ഡി.യുവിന് 30 സീറ്റുകളും കോണ്‍ഗ്രസിന് ഏഴ് സീറ്റുകളുമായിരുന്നു അന്ന് ലഭിച്ചത്.

ജെ.ഡി.യുവിന്റെ ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്നത്തെ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ജെ.ഡി.യു മഹാസഖ്യത്തില്‍ പുറത്ത് വന്ന് എന്‍.ഡി.എയ്ക്കൊപ്പമായതിനാല്‍ ഈ ജനവിധി ബി.ജെ.പിക്ക് നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത് എന്നതും പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണായകമാണ് എന്നത് ചൂണ്ടിക്കാണിക്കുന്നതാണ്. 94 സീറ്റുകളില്‍ 46 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. അഞ്ച് സീറ്റുകളില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ബാക്കി 43 സീറ്റുകളില്‍ ജെ.ഡി.യുവുമാണ് മത്സരിക്കുന്നത്.

അതേസമയം ആര്‍.ജെ.ഡി 56 സീറ്റുകളിലും കോണ്‍ഗ്രസ് 24 സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എം.എല്‍ ലിബറേഷന്‍ ആറ് സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എമ്മും നാല് സീറ്റുകളില്‍ വീതവുമാണ് മത്സരിക്കുന്നത്.

ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത് മഹാസഖ്യത്തിലെ ഇടതു പാര്‍ട്ടികളായ സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍ ലിബറല്‍ എന്നിവര്‍ക്ക് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലായിരുന്നു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് ജനവിധി തേടുന്നത് ഘോപൂരില്‍ നിന്നാണ്. തേജസ്വിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ ഹസന്‍പൂരില്‍ നിന്നുള്ള തേജ് പ്രതാപ് യാദവും രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

ഇവര്‍ക്ക് പുറമെ നിതീഷ്‌കുമാര്‍ സര്‍ക്കാരിലെ നാല് മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.

രാവിലെ ഏഴ് മണിക്കാരംഭിച്ച വോട്ടിംഗ് വൈകീട്ട് ആറുമണിയോടെ അവസാനിക്കും. അതേസമയം നക്സല്‍ ബാധിത പ്രദേശങ്ങളില്‍ നേരത്തെ തന്നെ വോട്ടിംഗ് അവസാനിപ്പിക്കും

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Those behind jungle raj don’t want you to say Bharat Mata ki Jai, Jai Shri Ram, says PM Modi