ന്യൂദല്‍ഹി: ദേശീയ എക്‌സിക്യുട്ടീവ് യോഗം സമാപിച്ചു. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസത്തിന്റെ പാലമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി പറഞ്ഞു.
കേവലം പുസ്തകങ്ങള്‍ വായിച്ചല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉത്തര്‍പ്രദേശും മണിപ്പൂരുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ദേശീയ എക്‌സിക്യുട്ടീവിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി.
കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ തിരിച്ചടിയും യോഗത്തില്‍ ചര്‍ച്ചയായി. മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റേതെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ആരോപണം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും നദ്ദ പറഞ്ഞു. പാര്‍ട്ടി സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറുപ്പുണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും, ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും നദ്ദ വ്യക്തമാക്കി.
ബി.ജെ.പിയുടെ വോട്ട് വിഹിതം, ഓരോ തെരഞ്ഞെടുപ്പുകള്‍ കഴിയുമ്പോഴും വര്‍ധിക്കുകയാണെന്നും ജമ്മു കശ്മീരിലടക്കം മികച്ച പ്രവര്‍ത്തനമാണ് പാര്‍ട്ടി കാഴ്ച വെക്കുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് കാലങ്ങള്‍ക്ക് ശേഷം ബി.ജെ.പി ഉന്നതാധികാര യോഗം ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.