| Monday, 26th December 2016, 7:25 pm

നോട്ട് നിരോധന യജ്ഞത്തിലൂടെ മോദി കര്‍ഷകരുടെ ജീവന്‍ ബലികഴിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മോദി കര്‍ഷകരുടെ പണത്തെ വെറും ചാരമാക്കി. കര്‍ഷക ആത്മഹത്യ നിത്യേന നടന്നു കൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ അത് കണ്ടഭാവം നടിക്കുന്നില്ല. 


ന്യൂദല്‍ഹി: നോട്ട് നിരോധന യജ്ഞത്തിലൂടെ മോദി രാജ്യത്തെ കര്‍ഷകരുടെ ജീവന്‍ ബലികഴിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധന തീരുമാനം കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും എതിരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദി കര്‍ഷകരുടെ പണത്തെ വെറും ചാരമാക്കി. കര്‍ഷക ആത്മഹത്യ നിത്യേന നടന്നു കൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ അത് കണ്ടഭാവം നടിക്കുന്നില്ല. കോണ്‍ഗ്രസ് കര്‍ഷകരെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ നിന്ന് ഭൂമി കൈക്കലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജസ്ഥാനിലെ ബാരനില്‍ നടന്ന റാലിയിലാണ് രാഹുല്‍ മോദിക്കെതിരെയും നോട്ട് നിരോധന തീരുമാനത്തിനെതിരെയും ആഞ്ഞടിച്ചത്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ കൈക്കലാക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


ഭൂമിക്ക് ശരിയായ വില നല്‍കാനുതകുന്ന, ഭൂമി ഏറ്റെടുക്കല്‍ ബില്ല് കോണ്‍ഗ്രസ് അവതരിപ്പിച്ചപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ അതിനെ മൂന്ന് തവണ മോദി തടഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.

എല്ലാ കള്ളപ്പണവും നോട്ട് രൂപത്തിലല്ല, എല്ലാ നോട്ടും കള്ളപ്പണവുമല്ല, കള്ളപ്പണത്തിന്റെ 6 % മാത്രമാണ് കറന്‍സിയായിട്ടുള്ളതെന്ന തന്റെ പഴയ നിലപാടും രാഹുല്‍ ആവര്‍ത്തിച്ചു.

കള്ളപ്പണം നോട്ടിന്റെ രൂപത്തില്‍ സൂക്ഷിക്കാത്ത രാജ്യത്തെ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്‍മാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.


കളളപ്പണം തിരിച്ചെത്തിക്കുമെന്ന് വാക്ക് നല്‍കിയ മോദി ഇപ്പോള്‍ ആ വാക്ക് മാറ്റുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രിയുടെ കല്‍പനകള്‍ അതേപടി പിന്തുടരുന്നവരാണ് അവര്‍. മോദി എന്താണോ കേന്ദ്രത്തില്‍ ചെയ്യുന്നത് അതുതന്നെയാണ് വസുന്ധര രാജ രാജസ്ഥാനില്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more