ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിന് ഒരു കോടി(10 മില്യണ്‍) സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞു. 2007 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മോദി ചാനല്‍ ആരംഭിച്ചത്.
ഏറെ ട്രോളുകള്‍ക്ക് വഴിയൊരുക്കിയ ബോളിവുഡ് താരം അക്ഷയ്കുമാര്‍ മോദിയെ ഇന്റര്‍വ്യൂ ചെയ്തതടക്കമുള്ള വീഡിയോകള്‍ ചാനലിലുണ്ട്.
അക്ഷയ് കുമാറുമായുള്ള ഒരു മണിക്കൂര്‍ നീണ്ട ഇന്റര്‍വ്യൂ കൂടാതെ 2019ല്‍ കാശിയില്‍ വെച്ച് ഭിന്നലിംഗക്കാര്‍ മോദിയെ സ്വാഗതം ചെയ്യുന്നതിന്റെയും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനുമായുള്ള വൈകാരിക
കൂടിക്കാഴ്ച്ചയുടെയും വീഡിയോകള്‍ക്കുമാണ് ഇതുവരെ കൂടുതല്‍ കാഴ്ചക്കാരുള്ളത്. ഇതുവരെ 164.31 കോടി പേരാണ് പ്രധാനമന്ത്രിയുടെ വീഡിയോകള്‍ കണ്ടത്.
മാധ്യമങ്ങളോട് അധികം സംസാരിക്കാറില്ലെന്ന് പഴി കേള്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുള്ളയാളാണ് മോദി.
നിലവില്‍ ലോകനേതാക്കളില്‍ ഏറ്റവുമധികം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ളയാള്‍ മോദിയാണ്. 36 ലക്ഷം വരിക്കാരുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് രണ്ടാംസ്ഥാനത്തുള്ളത്.
യൂട്യൂബ് വരിക്കാരുടെ കാര്യത്തില്‍ മൂന്നും നാലും സ്ഥാനക്കാര്‍ മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍( 30.7 ലക്ഷം), ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ(28.8 ലക്ഷം) എന്നിവരാണ്.
വൈറ്റ് ഹൗസിന് 19 ലക്ഷം സബ്‌സ്‌ക്രിപ്ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ 5.25 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുള്ള രാഹുല്‍ ഗാന്ധിയാണ് മോദിക്ക് പിന്നിലുള്ളത്.