ന്യൂദല്‍ഹി: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാവണം എന്ന ചോദ്യത്തിന് നരേന്ദ്രമോദിയെന്ന് പറയുന്നവര്‍ ഗണ്യമായി കുറഞ്ഞെന്ന് സര്‍വേ. ഇന്ത്യ ടുഡേയുടെ ‘മൂഡ് ഓഫ് ദ നേഷന്‍’ (എം.ഒ.ടി.എന്‍) സര്‍വേയിലാണ് മോദിയുടെ ജനപ്രീതി കുറയുന്നതായി കാണുന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ 66 ശതമാനം ആളുകളും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി മോദിയുടെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 2021 ജനുവരിയില്‍ അത് 38 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് ആവുമ്പോഴേക്കും അത് വീണ്ടും കുറഞ്ഞ് 24 ശതമാനത്തിലേക്ക് എത്തുകയായിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിലുള്ള വീഴ്ച കാരണമാണ് ഏകദേശം 42 ശതമാനം ആളുകളും തങ്ങളുടെ അഭിപ്രായം മാറ്റിയത്. ജനപ്രീതിയില്‍ 42 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടും പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ മോദി തന്നെയാണ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി ഏറ്റവുമധികം ആളുകള്‍ പരിഗണിക്കുന്ന രണ്ടാമന്‍. സര്‍വേയില്‍ പങ്കെടുത്ത 11 ശതമാനം ആളുകളും ആദിത്യനാഥിനെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.
യോഗിയുടെ ജനപ്രീതി വര്‍ധിക്കുയാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആദ്യ സര്‍വേയില്‍ 3 ശതമാനവും രണ്ടാം സര്‍വേയില്‍ 10 ശതമാനവുമായിരുന്നു യോഗിയുടെ ജനസമ്മതി.
പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാഹുല്‍ ഗാന്ധി. 10 ശതമാനം ആളുകളുടെ പിന്തുണയാണ് പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ ഗാന്ധിയ്ക്കുള്ളത്. ദല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാളാണ് പട്ടികയില്‍ നാലാമത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 8 ശതമാനം ആളുകളുടെ ഫസ്റ്റ് ചോയ്സാണ് കെജ്‌രിവാള്‍.
മുഖ്യപ്രതിപക്ഷമായുള്ള കോണ്‍ഗ്രസിന്റെ പ്രകടനം 38 ശതമാനം ആളുകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം ഗാന്ധി കുടുംബത്തിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തോടുള്ള വിയോജിപ്പ് 52 ല്‍ നിന്നും 42 ശതമാനമായി ആയി കുറഞ്ഞു.
നിലവില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി കൂടുതല്‍ ആളുകളും ചൂണ്ടിക്കാണിക്കുന്നത് കൊവിഡ് രോഗവ്യാപനമാണ്. 23 ശതമാനമാളുകളാണ് കൊറോണ രോഗവ്യാപനം ഗുരുതര പ്രശ്നമായി വിലയിരുത്തുന്നത്.