കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് പല വിദേശരാജ്യങ്ങളും പ്രവേശനം നല്‍കുന്നത്.
ഇമിഗ്രഷനില്‍ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
വാക്‌സിന്‍ സ്വീകരിച്ച പൗരന്മാര്‍ക്ക് പല രാജ്യങ്ങളും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. ഇത് ഇമിഗ്രഷനില്‍ സ്വീകരിക്കുന്നുമുണ്ട്.
ഉദാഹരണത്തിന് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. അത് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതാണ്.
യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒരു ക്യുആര്‍ കോഡ്
ഉള്ളതുകൊണ്ടുതന്നെ വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാനും സാധിക്കും.
എന്നാല്‍, ഇന്ത്യ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചതിനാല്‍ പ്രവാസികള്‍ വലിയതരത്തിലുള്ള പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
മറ്റ് രാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടവും സന്ദേശവുമുണ്ട്. ഇത് കാരണം മണിക്കൂറുകളോളം യാത്രക്കാര്‍ പരിശോധനയ്ക്ക് നില്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് പല എയര്‍പ്പോര്‍ട്ടുകളില്‍ നിന്നും ചോദിക്കുന്നതായും യാത്രക്കാര്‍ പറയുന്നു.
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷനില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച
ദീപ്തി തംഹാനെ എന്ന ഇന്ത്യന്‍ വനിത ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാടുപെട്ടതായി പറയുന്നു.
സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി മോദിയുടെ ചിത്രത്തെക്കുറിച്ച് ഉദ്യോഗസ്ഥന്‍ ഇവരോട് ചോദിക്കുകയും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചതായി സംശയിക്കുകയും ചെയ്തു.
ഇത്തരത്തില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ തന്നെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം നല്‍കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. എന്തിനാണ് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം നല്‍കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.