ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ബി.ജെ.പി എം.പിമാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംയമനം പാലിക്കണമെന്നും പാര്‍ലമെന്റിന്റെ മഹത്വം കാത്തുസൂക്ഷിക്കണമെന്നുമാണ് മോദി എന്‍.ഡി.എ എം.പിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധിക്കുന്നത്. പെഗാസസൊന്നും ഒരു വിഷയമാക്കേണ്ട കാര്യമേയല്ലെന്നും ഇതെല്ലാം ഗൂഢാലോചനാ തിയറികളാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍, ബി.എസ്.പി, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ എം.പിമാരെല്ലാവരും പ്ലക്കാര്‍ഡുകളുമായെത്തിയാണ് സഭയില്‍ പ്രതിഷേധിച്ചത്. കര്‍ഷകരുടെ സമരവും കാര്‍ഷിക നിയമവും ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിന് നേരെയുള്ള അവഹേളനമാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് പാര്‍ലമെന്ററി വകുപ്പ് മന്ത്രി പ്രല്‍ഹദ് ജോഷി പറഞ്ഞു.
‘പാര്‍ലമെന്റിനെ അപമാനിക്കലാണിത്. ഇവിടുത്തെ ജനങ്ങളെയും ഭരണഘടനയെയും ജനാധിപത്യത്തെയും അവഹേളിക്കുകയാണ് പ്രതിപക്ഷമെന്നും’ മോദി പറഞ്ഞതായി പ്രല്‍ഹദ് ജോഷി പറഞ്ഞു. ബി.ജെ.പി എം.പിമാര്‍ നിയന്ത്രണം കൈവിടരുതെന്നും സംയമനം പാലിക്കണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാവിലെ പാര്‍ലമെന്റിന് പുറത്ത് ‘മാതൃക പാര്‍ലമെന്റ്’ യോഗം നടന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, എന്‍.സി.പി നേതാവ് സുപ്രിയ സുലേ, ശിവ സേന നേതാവ് സഞ്ജയ് റാവത്ത്, ഡി.എം.കെ നേതാവ് കനിമൊഴി, സി.പി.ഐ.എം നേതാവ് എളമരം കരീം തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: PM Modi’s advise to BJP MPs amid opposition protests