|

രണ്ടര വർഷത്തിനിടെ വിദേശയാത്രക്കായി പ്രധാനമന്ത്രി ചെലവാക്കിയത് 258 കോടി; യു.എസ് സന്ദര്‍ശനത്തിന് മാത്രം 22 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2022 മെയ് മുതൽ 2024 ഡിസംബർ വരെ വിദേശയാത്രക്ക് വേണ്ടിമാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 258 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. രണ്ടര വർഷം കൊണ്ട് അദ്ദേഹം നടത്തിയത് 38 യാത്രകളാണ്.

2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ ചെലവ് വന്നത്. ഇതിന് മാത്രമായി 22 കോടിയിലധികം രൂപയാണ് ചെലവഴിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾക്കായി ഇന്ത്യൻ എംബസികൾ ചെലവഴിച്ച ആകെ തുക, ഹോട്ടൽ ക്രമീകരണങ്ങൾ, ഗതാഗത ചെലവുകൾ, മറ്റ് പലവക ചെലവുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ ഖാർഗെ ആവശ്യപ്പെട്ടു.

2023 ജൂണിലെ യുഎസ് സന്ദർശനത്തിന് 22,89,68,509 രൂപയും, 2024 സെപ്റ്റംബറിലെ യു.എസ് സന്ദർശനത്തിന് 15,33,76,348 രൂപയും ചെലവായി. കൂടാതെ 2023 മെയ് മാസത്തിൽ പ്രധാനമന്ത്രി നടത്തിയ ജപ്പാൻ സന്ദർശനത്തിന് 17,19,33,356 രൂപയും, 2022 മെയ് മാസത്തിൽ നടത്തിയ നേപ്പാൾ സന്ദർശനത്തിന് 80,01,483 രൂപയും ചെലവായതായി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

2022നും 2024നും ഇടയിൽ പ്രധാനമന്ത്രി സന്ദർശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ജർമ്മനി, കുവൈറ്റ്, ഡെൻമാർക്ക്, ഫ്രാൻസ്, യു.എ.ഇ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രൈൻ, റഷ്യ, ഇറ്റലി, ബ്രസീൽ, ഗയാന എന്നിവ ഉൾപ്പെടുന്നു. പോളണ്ട് സന്ദർശനത്തിനായി 10,10,18,686 രൂപയും ഉക്രൈൻ സന്ദർശനത്തിനായി 2,52,01,169 രൂപയും റഷ്യ സന്ദർശിക്കാൻ 5,34,71,726 രൂപയും ചെലവഴിച്ചു.

ഇറ്റലിയിലേക്കുള്ള സന്ദർശനത്തിന് 14,36,55,289 രൂപ, ബ്രസീൽ സന്ദർശനത്തിന് 5,51,86,592 രൂപ, ഗയാന സന്ദർശനത്തിന് 5,45,91,495 രൂപ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

Content Highlight: PM Modi’s $20,000 diamond was the most expensive gift to Biden family in 2023

Latest Stories

Video Stories